ഇടുക്കി: പിറന്നാൾ ആഘോഷങ്ങൾക്കെന്ന് പറഞ്ഞാണ് സ്വകാര്യ വ്യക്തികൾ വാഗമണ്ണിലെ റിസോർട്ടിൽ മുറി എടുത്തതെന്ന് റിസോർട്ട് ഉടമ ഷാജി കുറ്റിക്കാടൻ പോലീസിൽ മൊഴി നൽകി. രാത്രി എട്ടിന് മുമ്പ് തിരികെ പോകുമെന്ന് ഇവർ ഉറപ്പുനൽകിയിരുന്നുവെന്നും പോലീസിന് നൽകിയ മൊഴിയിൽ ഷാജി പറയുന്നു.
ഏലപ്പാറ മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമാണ് ഷാജി കുറ്റാക്കാട്. എന്നാൽ ഷാജിയുടെ മൊഴി പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. ഇയാളുമായി സംഭവത്തിൽ ഉൾപ്പെട്ടവർ പലതവണ ഫോണിൽ ബന്ധപ്പെട്ടതിന് തെളിവുകളുണ്ടെന്നും പോലീസ് പറയുന്നു.
വാഗമണ്ണിൽ നിശാപാർട്ടി സംഘടിപ്പിച്ചതിന് പിന്നിൽ ഒൻപത് പേരുണ്ടെന്നാണ് പോലീസ് വ്യക്തമാക്കിയത്. ഞായറാഴ്ച വട്ടത്താലിലെ റിസോർട്ടിൽ ലഹരിമരുന്നു നിശാപാർട്ടി നടക്കുമെന്ന് രണ്ടുദിവസം മുൻപ് ഇടുക്കി എസ്പി അടക്കമുള്ളവർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ റിസോർട്ട് കഴിഞ്ഞ രണ്ടുദിവസമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് പോലീസും നർക്കോട്ടിക് സംഘവും സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു. റെയ്ഡിൽ വൻ ലഹരിമരുന്നു ശേഖരം പിടിച്ചെടുത്തിരുന്നു.
വലിയ രീതിയിലുള്ള പാർട്ടി സംഘടിപ്പിക്കാനുള്ള ശ്രമമാണ് ഒൻപത് പേർ ചേർന്ന് നടത്തിയത്. സമാന രീതിയിലുള്ള പാർട്ടി ഇവർ മുമ്പും നടത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിമരുന്നുകളുടെ ഉറവിടം സംബന്ധിച്ച അന്വേഷണം നടന്നുവരികയാണ് അതിനാൽ തന്നെ റെയ്ഡുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
സാമൂഹ്യ മാധ്യമങ്ങൾ വഴി വിവരങ്ങൾ കൈമാറിയാണ് ഇത്തരം ഒരു പാർട്ടി വാഗമണ്ണിൽ സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അറുപതോളം പേരാണ് പാർട്ടിക്ക് എത്തിയത്.
പെരിന്തൽമണ്ണ, എറണാകുളം മേഖലയിൽ നിന്നുളള ആളുകളാണ് കൂടുതലായും എത്തിയിരിക്കുന്നത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരിൽ 25 പേർ സ്ത്രീകളാണ്. എല്ലാവർക്കുമെതിരേ കേസെടുക്കുന്ന അവസ്ഥയില്ല. ചോദ്യം ചെയ്യലിൽ സംഭവത്തിൽ ബന്ധമില്ലെന്ന് മനസ്സിലായാൽ അവരെ വിട്ടയയ്ക്കും.