അപമാനിച്ച പ്രതികളോട് യുവനടി ക്ഷമിച്ചതായി അറിയിച്ചെങ്കിലും കേസുമായി മുന്നോട്ടു പോകുമെന്ന് പൊലീസ്

കൊച്ചി: ഹൈപ്പർ മാർക്കറ്റിൽ യുവനടിയെ അപമാനിച്ച പ്രതികൾ മാപ്പു ചോദിച്ചതോടെ യുവനടി ക്ഷമിച്ചതായി ഇന്‍സ്റ്റാഗ്രാമിൽ അറിയിച്ചെങ്കിലും കേസുമായി മുന്നോട്ടു പോകുമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. നടിയുടെ അമ്മയുടെ പരാതിയിലും കേസ് എടുത്തിട്ടുണ്ടെന്ന് തൃക്കാക്കര എസിപി പറഞ്ഞു.

നടിയെ അപമാനിച്ച കേസിലെ പ്രതികളായ പെരിന്തൽമണ്ണ സ്വദേശികളായ റംഷാദ്, ആദിൽ എന്നിവരെ കീഴടങ്ങാൻ |ശ്രമിക്കുന്നതിനിടെ കൊച്ചി കുസാറ്റ് ജംഗ്ഷനിൽ വെച്ച് കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

ഇന്നലെ രാവിലെ സ്വയം ന്യായീകരിക്കുന്ന വീഡിയോ പുറത്ത് വിട്ട് പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കീഴടങ്ങുന്നതാണ് നല്ലതെന്ന് പ്രതികളായ റംഷാദിനും ആദിലിനും നിയമോപദേശം ലഭിക്കുകയായിരുന്നു.

ബോധപൂർവ്വം അപമാനിച്ചിട്ടില്ലെന്നും നടിയോട് മാപ്പ് പറയാൻ ഒരുക്കമാണെന്നുമുള്ള പ്രതികളുടെ വാദം മുഖവിലക്കെടുക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകൻ വ്യക്തമാക്കി. മറ്റന്നാൾ കൊച്ചിയിലെത്തുന്ന നടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തും.