തദ്ദേശ തെരഞ്ഞെടുപ്പിന് ബാറുകളിൽ വിൽപ്പന നടത്തിയത് കണക്കില്ലാത്ത ജവാൻ മദ്യം; കേസുകൾ ഒതുക്കി

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് ബാറുകളിൽ നിന്നും വിൽപ്പന നടത്തിയത് കണക്കറ്റ ജവാൻ മദ്യം. എറണാകുളം പാലക്കാട് ജില്ലകളിലെ മൂന്നു ബാറുകളിൽ നിന്നും വിൽപ്പന നടത്തിയ ജവാൻ മദ്യം പിടികൂടിയതോടെയാണ് സംഭവം പുറത്തായത്. ബാറുകളിൽ ഒരാൾക്ക് പരമാവധി മൂന്ന് ലിറ്റർ മദ്യമേ നൽകാവൂവെന്ന നിയന്ത്രണം ലംഘിച്ചായിരുന്നു വൻതോതിലെ വിൽപ്പന.

അങ്കമാലിയിലെ ബാറിൽ നിന്നും 50 ലിറ്റർ മദ്യവും പാലക്കാട് ജില്ലയിലെ ബാറിൽ നിന്നും 130 ലിറ്റർ മദ്യവും പിടികൂടിയിരുന്നു. പിടിക്കപ്പെട്ടവർ മദ്യം വാങ്ങിയ ബാറിൻ്റെ പേരുകൾ വെളിപ്പെടുത്തിയെങ്കിലും കേസ് ഒതുക്കുകയായിരുന്നു. ബാറുകളിലെ ഗോഡൗണുകളിൽ പരിശോധന നടത്താൻ പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറായില്ല. പിടിക്കപ്പെട്ടാൽ ബാറുകളുടെ ലൈസൻസ് അസാധു ആക്കുമെന്നതിനാൽ കേസ് ഒതുക്കുകയായിരുന്നുവെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

ലോക്ക് ഡൗണിനെ തുടർന്ന് ബാറുകളിൽ പാഴ്സൽ മാത്രമാക്കി വിൽപ്പന നിജപ്പെടുത്തിയതോടെ ബവ്റജസ് ഔട്ട് ലെറ്റുകളിലെ അതേ വിലക്കാണ് മദ്യം വിൽക്കുന്നത്. ഇത് ബാറുകൾക്ക് വരുമാന നഷ്ടം വരുത്തി. അതോടെയാണ് കൂടുതൽ അളവിൽ മദ്യം വിൽക്കാൻ ബാറുടമകളെ പ്രേരിപ്പിച്ചത്.

അതേ സമയംസംസ്ഥാനത്ത് ബാറുകൾ തുറക്കാൻ സർക്കാർ ഉത്തരവ് ഇറക്കി. ബാറുകളും കള്ളുഷാപ്പുകളും തുറക്കാനാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.