ഹത്രാസ് പെൺകുട്ടിക്ക് പ്രതികളിൽ ഒരാളുമായി ഉണ്ടായിരുന്ന അടുപ്പത്തിൽ നിന്ന് പിന്മാറിയത് പീഡനത്തിനും കൊലപാതകത്തിനും കാരണമായെന്ന് സിബിഐ

ന്യൂഡെൽഹി: ഹത്രാസ് പെൺകുട്ടിയുമായി നാലു പ്രതികളിൽ ഒരാൾക്കുണ്ടായിരുന്ന അടുപ്പത്തിൽ നിന്ന് യുവതി പിന്മാറിയതിലെ അമർഷമാണ് അയാളെ മറ്റു മൂന്നു പ്രതികളുമായി ഗൂഢാലോചന നടത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലാൻ കാരണമായതെന്ന് സിബിഐ. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുവതി മരണമൊഴിയിൽ മൂന്നു പ്രതികളുടെ പേരുവിവരങ്ങൾ നൽകിയിട്ടും എഫ്‌ഐആറിൽ ഒരാളുടെ പേരുമാത്രം ഉൾപ്പെടുത്തിയ ഉത്തർപ്രദേശ് പൊലീസിന്റെ കൃത്യവിലോപത്തെ കുറ്റപത്രം നിശിതമായി വിമർശിക്കുന്നുണ്ട്.

താൻ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് യുവതി നേരിട്ട് മൊഴി നൽകിയിട്ടും പൊലീസ് വൈദ്യപരിശോധന നടത്തുന്നതിൽ അലസത കാട്ടിയെന്നും ചാർജ് ഷീറ്റിൽ ആക്ഷേപമുണ്ട്.
കൊലപാതകത്തിന് കാരണം പ്രണയ നൈരാശ്യമാണെന്നാണ് സിബിഐ യുടെ കണ്ടെത്തൽ. കൊല്ലപ്പെട്ട പെൺകുട്ടിയും പ്രതിയായ സന്ദീപും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു. ഇവർ തമ്മിലുള്ള പ്രണയ ബന്ധത്തിലുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

കൊല്ലപ്പെട്ട പെൺകുട്ടിയും സന്ദീപും തമ്മിൽ കഴിഞ്ഞ മാർച്ച് വരെ ബന്ധം പുലർത്തിയിരുന്നു. പിന്നീട് ബന്ധത്തിൽ നിന്ന് പെൺകുട്ടി അകന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് കണ്ടെത്തൽ.

പ്രണയ ബന്ധത്തിന്റെ പേരിൽ പെൺകുട്ടിയുടെ സഹോദരനും സന്ദീപും തമ്മിൽ പല തവണ വാക്കുതർക്കം ഉണ്ടായിരുന്നു. ഇത് സാധൂകരിക്കുന്ന മൊബൈൽ ഫോൺ റെക്കോർഡുകൾ സിബിഐക്ക് ലഭിച്ചു. പ്രണയ ബന്ധത്തിന്റെ പേരിൽ ബന്ധുക്കളും സഹോദരനും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും മർദ്ദിച്ചിരുന്നതായും നേരത്തെ ആരോപണങ്ങൾ ഉണ്ടായിരുന്നു.