കര്‍ഷകര്‍ റിലേ നിരാഹാര സമരം തുടങ്ങി; ചര്‍ച്ചയ്ക്ക് കേന്ദ്രത്തിൻ്റെ ക്ഷണം; എല്ലാ ടോള്‍ ബൂത്തുകളും അടയ്ക്കുമെന്ന് കര്‍ഷകര്‍

ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രക്ഷോഭം ശക്തമാക്കി കര്‍ഷകർ റിലേ നിരാഹാര സമരം ആരംഭിച്ചു. 11 കര്‍ഷകര്‍ വീതം ഒരു ദിവസം നിരാഹാരമിരിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. കര്‍ഷക പ്രക്ഷോഭം 26ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് റിലേ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.

അതേസമയം, വീണ്ടും ചര്‍ച്ച നടത്താനായി കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ ക്ഷണിച്ചു. ചര്‍ച്ചയ്ക്കുള്ള തീയതി കര്‍ഷകര്‍ക്ക് തീരുമാനിക്കാമെന്ന് കാര്‍ഷിക മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിവേക് അഗര്‍വാള്‍ അയച്ച കത്തില്‍ പറയുന്നു. കര്‍ഷകരുടെ സംശയങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ചയില്‍ ഉന്നയിക്കാമെന്നും കത്തില്‍ പറയുന്നു.

സമരം അവസാനിപ്പിക്കാനായി അഞ്ച് തവണ കേന്ദ്രസര്‍ക്കാര്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നു. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും പകരം ഭേദഗതികള്‍ ആകാമെന്ന നിലപാടില്‍ സര്‍ക്കാരും നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ കര്‍ഷകരും ഉറച്ചുനില്‍ക്കുകയാണ്.

ഡിസംബര്‍ 25മുതല്‍ 27വരെ ഹരിയാന ദേശീയപാതയിലുള്ള എല്ലാ ടോള്‍ ബൂത്തുകളും അടയ്ക്കുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചു.