കർഷക പ്രക്ഷോഭം ശക്തി പ്രാപിക്കുന്നതിനിടെ പൊടുന്നനെ പ്രധാനമന്ത്രിയുടെ ഗുരുദ്വാര സന്ദർശനം

ന്യൂഡെൽഹി: കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി ഡെൽഹിയിലെ ഗുരുദ്വാര സന്ദർശിച്ചു. പ്രധാനമന്ത്രിയുടെ പരിപാടിയിൽ ഗുരുദ്വാര സന്ദർശനം നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നില്ല. പ്രധാനമന്ത്രിയുടെ സന്ദർശന സമയത്ത് ഗുരുദ്വാരയിൽ പ്രത്യേക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നില്ല.

അതേസമയം, ഡെൽഹിയിലെ കർഷക സമരം 25 ആം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ നിലപാട് ആവർത്തിച്ചതോടെ സമരം കൂടുതൽ ശക്തിപ്രാപിക്കുകയാണ്. പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് കർഷകർ രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയതോടെ കേന്ദ്രസർക്കാറും കർഷകരും നിലപാട് കടുപ്പിക്കുകയാണ്.

ഇന്നലെ രാത്രി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച നടത്തി. ഹരിയാനയിൽ നിന്നുള്ള ബിജെപി നേതാവ് ചൗധരി ബിജേന്ദ്ര സിംഗ് കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹരിയാന മുഖ്യമന്ത്രി കേന്ദ്രകൃഷിമന്ത്രിയെ കണ്ടത്.

മൂന്നു ദിവസത്തിനകം കർഷകരുമായി വീണ്ടും കേന്ദ്ര സർക്കാർ ചർച്ച നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മനോഹർ ലാൽ ഖട്ടർ പറഞ്ഞു. സുപ്രീംകോടതിയിലെ കേസിൽ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് അഭിഭാഷകരുമായി കര്‍ഷക സംഘടനകളുടെ ചര്‍ച്ച തുടരുകയാണ്. ഡെൽഹി -ആഗ്ര, ഡെൽഹി – രാജസ്ഥാൻ ദേശീയപാത ഉപരോധവും, തിക്രി, ഗാസിപൂർ ജില്ല അതിർത്തികളിൽ സമരവും ശക്തമായി തുടരുകയാണ്.