എടത്വ: മഹാമാരിയുടെ ഭയത്തിൽ ലോകം കഴിയുമ്പോൾ കൊറോണ ബാധിച്ച് മരണമടഞ്ഞ വയോധികൻ്റെ സംസ്ക്കാരം നടത്തി അയൽവാസി യുവാക്കൾ മാതൃകയായി. തലവടി ആനപ്രമ്പാൽ തെക്ക് മുണ്ടുചിറയിൽ തോമസ് ദാനിയേ (90) ലാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ചത്. സംസ്ക്കാരം സംബന്ധിച്ച ആശങ്കകൾ നിലനിന്നതിനാൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു.
സാഹചര്യത്തിനൊത്തുയർന്ന് മനുഷ്യ സ്നേഹികളായ അയൽവാസി യുവാക്കൾ കർമ്മനിരതരായി. ഇവർ ആശുപത്രിയിൽ നിന്ന് മൃതദേഹം ആംബുലൻസിൽ കൊണ്ടുവന്നു. കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ആനപ്രമ്പാൽ തെക്ക് നിത്യ സഹായ മാതാ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ സംസ്ക്കാരവും നടത്തി. അജയൻ മറ്റത്തിലിൻ്റെ നേതൃത്വത്തിലാണ് യുവാക്കൾ പിപിഇ കിറ്റ് ധരിച്ച് മൃതദേഹം ദഹിപ്പിച്ചത്.
അജയൻ്റെ സുഹൃത്തുക്കളായ പുത്തൻപറമ്പിൽ പി.കെ ബിനു, തുണ്ടി ചിറയിൽ സിജി സീലാസ്,മനു സന്തോഷ്, നെയിറ്റാരു പറമ്പിൽ ജയ്മോൻ എന്നിവരാണ് സ്വയം സേവന സന്നദ്ധരായി മുമ്പോട്ടു വന്നത്. പ്രതികൂല സാഹചര്യത്തിൽ ഉദാത്ത മാതൃകകാട്ടി നാടിന് അഭിമാനമായ യുവാക്കളെ
സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അഭിനന്ദിച്ചു.