ന്യൂഡെൽഹി: നാല് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സംഘടനാ നേതൃത്വതലത്തിൽ പുനഃസംഘടനയ്ക്ക് നീക്കം. തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് നേതൃമാറ്റമുണ്ടാകുക. ഇന്നലെ സോണിയ ഗാന്ധിയുടെ വസതിയിൽ ചേർന്ന ഉന്നതല യോഗത്തിന് പിന്നാലെയണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. യോഗത്തിൽ ഹൈക്കമാൻഡ് നേതാക്കളും തിരുത്തൽവാദി നേതാക്കളും പങ്കെടുത്തിരുന്നു.
ഹൈദരാബാദ് തദ്ദേശ തിരഞ്ഞെടുപ്പിൽ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തെലങ്കാന കോൺഗ്രസ് പ്രസിഡന്റ് ഉത്തംകുമാർ റെഡ്ഡി രാജിവെച്ചിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെത്തുടർന്ന് ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ അമിത് ചാവ്ദയും സ്ഥാനമൊഴിഞ്ഞിരുന്നു.
അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുൻനിർത്തി അസാം, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് മൂന്ന് വീതം എഐസിസി സെക്രട്ടറിമാരേ സോണിയാ ഗാന്ധി നിയമിച്ചു. പുതിയ നിയമിക്കപ്പെട്ട സെക്രട്ടറിമാർ രണ്ട് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരെ സഹായിക്കും.
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്നലെ കോൺഗ്രസ് തിരുത്തൽവാദി നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസിലെ നേതൃമാറ്റത്തെച്ചൊല്ലി മാസങ്ങൾ നീണ്ട ആഭ്യന്തര കലഹത്തിനുശേഷമുള്ള അനുരഞ്ജനത്തിലേക്കുള്ള ആദ്യപടിയായിരുന്നു കൂടിക്കാഴ്ച.