ഗോവയിൽ കന്നുകാലി മാംസത്തിന്​ കടുത്ത ക്ഷാമം; പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ

പനാജി: ഗോവയിൽ കന്നുകാലി മാംസത്തിന്​ കടുത്ത ക്ഷാമം. കർണാടകയിൽ ഗോവധ നിരോധന നിയമം നടപ്പിലാക്കിയതും ക്രിസ്മസ്​ ഉത്സവ സീസൺ അടുത്തതുമാണ്​ ഗോവയ്​ക്ക്​ തിരിച്ചടിയായത്​. വ്യാഴാഴ്​ചയാണ്​ മാംസത്തിൻ്റെ അവസാന സ്​റ്റോക്ക്​ സംസ്ഥാനത്ത്​ എത്തിച്ചേർന്നത്​. തുടർന്ന്​ പുതിയ സ്​റ്റോക്കുകളൊന്നും വരാത്തതിനാൽ വ്യാപാരികൾ കടകൾ അടച്ചുപൂട്ടിയിരുന്നു.

കർണാടകയിലെ കശാപ്പ്​ നിരോധന നിയമം കാരണം കന്നുകാലികളെ വിൽപ്പനക്കോ കശാപ്പിനോ കൊണ്ടുപോകാൻ സാധിക്കുന്നില്ലെന്നാണ്​ വ്യാപാരികൾ പറയുന്നത്​. ക്രിസ്​തുമസ്​, ന്യൂയർ കാലത്ത്​ നിരവധി വിനോദ സഞ്ചാരികൾ വരുമെന്നും അവർക്ക്​ കന്നുകാലി മാംസം ആവശ്യമുണ്ടാവുമെന്നും വ്യാപാരികൾ വ്യക്​തമാക്കി. സർക്കാർ എത്രയും പെട്ടന്ന്​ ഇപ്പോഴുള്ള സാഹചര്യത്തിന്​ പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം, ഗോമാംസ ക്ഷാമത്തിന്​ രണ്ട്​ ദിവസത്തിനകം പരിഹാരം കാണുമെന്ന്​ മുഖ്യമന്ത്രി ഡോ. പ്രമോദ്​ സാവന്ത്​ അറിയിച്ചിട്ടുണ്ട്​. സംസ്ഥാനത്തേക്കുള്ള​ കന്നുകാലി മാംസം വരവ്​ പുന:സ്ഥാപിക്കുമെന്നും കർണാടകയിലെ പുതിയ നിയമത്തെ കുറിച്ച്​ പഠനം നടക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

മഹാരാഷ്​ട്രയെ ആയിരുന്നു മുമ്പ്​ ഗോവ ബീഫിനായി ആശ്രയിച്ചിരുന്നത്​. 2015ൽ അവിടെ ഗോവധം നിരോധിച്ചതോടെ കർണാടകയിലേക്ക്​ മാറ്റുകയായിരുന്നു. ഒരു ദിവസം ഗോവയിലെ ജനങ്ങൾ ഭക്ഷിക്കുന്ന ഗോമാംസത്തിൻ്റെ അളവ്​ 15 മുതൽ 20 ടൺ വരെയാണ്​. നിലവിൽ ബീഫ്​ വിതരണം ചെയ്യുന്ന കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്​. വരും ദിവസങ്ങളിൽ മാംസ വ്യാപാരം തുടരാൻ കഴിയുമെന്നാണ്​ അവർ പ്രതീക്ഷിക്കുന്നത്​.