രാജവെമുല അഭിഭാഷകനായി; ജനങ്ങളുടെ അവകാശങ്ങള്‍ക്കായി കോടതിയില്‍ മകന്‍ പോരാടുമെന്ന് അമ്മ രാധിക വെമുല

ന്യൂഡെൽഹി: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ജാതിവിവേചനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ സഹോദരന്‍ രാജ വെമുല അഭിഭാഷകനായി എന്‍‍റോള്‍ ചെയ്തു. മകന്‍റെ നേട്ടത്തില്‍ അമ്മ രാധിക വെമുല സന്തോഷം പങ്കുവെച്ചു.

രോഹിത് വെമുലക്ക് ശേഷം അഞ്ച് വര്‍ഷത്തിനിടെ തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റം ഇതാണെന്ന് രാധിക വെമുല ട്വീറ്റ് ചെയ്തു. 2016 ജനുവരി 17നാണ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല സര്‍വകലാശാലയിലെ ജാതിപീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍(എ.എസ്.എ) അംഗമായിരുന്ന രോഹിത് വെമുല സര്‍വകലാശാലയിലെ സമരങ്ങളിലും പ്രതിഷേധങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.

2015 ജൂലൈ മുതല്‍ രോഹിതിന്റെ സ്‌റ്റൈപെന്‍ഡ് തുക സര്‍വകലാശാല നിര്‍ത്തലാക്കിയിരുന്നു.ജാവിവിവേചനത്തുടര്‍ന്നുള്ള രോഹിത് വെമുലയുടെ കൊലപാതകം രാജ്യവ്യാപക പ്രതിഷേധത്തിന് രൂപം നല്‍കിയിരുന്നു. പാര്‍ലമെന്‍റിലടക്കം രോഹിത് വെമുലയുടെ വിഷയം ചര്‍ച്ചയായിരുന്നു.

‘രാജ വെമുല, എന്റെ ഇളയ മകന്‍, ഇപ്പോള്‍ ഒരു അഭിഭാഷകനാണ്. രോഹിത് വെമുലക്ക് ശേഷം, ഈ അഞ്ച് വര്‍ഷത്തിനിടയില്‍ ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ മാറ്റമാണിത്. അഡ്വ. രാജ വെമുല ജനങ്ങള്‍ക്കും അവരുടെ അവകാശങ്ങള്‍ക്കുമായി കോടതികളില്‍ പ്രവര്‍ത്തിക്കും,പോരാടും. ‘ഈ സമൂഹത്തിനോടുള്ള എന്റെ തിരിച്ചുനല്‍കലാണിത്.’ അവനെ അനുഗ്രഹിക്കണം. ജയ് ഭീം ‘; രാധിക വെമുല ട്വീറ്റ് ചെയ്തു.