ന്യൂഡെൽഹി: മുതിർന്ന ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ജാർഖണ്ഡ് ജയിൽ വകുപ്പ്. ലാലുവിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും വൃക്കകൾ ഏതുനേരവും നിശ്ചലമാകാമെന്നും വാർത്തകൾ വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി ജാർഖണ്ഡ് ജയിൽ വകുപ്പ് രംഗത്തെത്തിയത്. കാലിത്തീറ്റ കുംഭകോണക്കേസിൽ അറസ്റ്റിലായ ലാലു പ്രസാദ് യാദവ് 2017 മുതൽ ജയിലിലാണ്.
2018ലാണ് അദ്ദേഹത്തിന് വൃക്ക സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചത്. ഇത്തരമൊരു വിവരം പുറത്തുവിട്ടതിന് റിംസ് ആശുപത്രിലാലുവിന്റെ ആരോഗ്യനിലയെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വിവരങ്ങൾ റിംസ് ഔദ്യോഗികമായി പുറത്തുവിട്ടതല്ലെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചതിനാലാണ് ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ഡോക്ടർ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിരീക്ഷണം മാത്രമാണെന്ന് ആശുപത്രി വിശദീകരണം നൽകി. ലാലുവിനെ ചികിത്സിച്ച ഡോ. ഉമേഷ് പ്രസാദിന് ജയിൽ വകുപ്പ് ഇൻസ്‌പെക്ടർ ജനറൽ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
അദ്ദേഹത്തിന്റെ വൃക്ക 25 ശതമാനം മാത്രമാണ് പ്രവർത്തിക്കുന്നതെന്നും ഏത് സമയത്തും നില ഗുരുതരമായേക്കാമെന്നുമാണ് ഡോക്ടർ അറിയിച്ചിരുന്നത്. ഇത് ദേശീയ മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.
ലാലുവിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും 20 വർഷമായി അദ്ദേഹം പ്രമേഹരോഗിയാണെന്നും ഡോക്ടർ പറഞ്ഞിരുന്നു. ഈ ഘട്ടത്തിൽ അദ്ദേഹത്തെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റുന്നത് സ്ഥിതി വഷളാക്കുമെന്ന മുന്നറിയിപ്പും ഡോക്ടർ നൽകിയിരുന്നു.