കോഴിക്കോട് ഷിഗല്ലെ രോഗബാധിതർ വർധിക്കുന്നു ; കൂടുതൽ ജാഗ്രത

കോഴിക്കോട്: ജില്ലയിൽ ഷിഗല്ലെ രോഗ ബാധിതർ കൂടുന്നു. ജില്ലയിൽ 4 പേര്‍ക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ മുണ്ടിക്കല്‍ത്താഴം, ചെലവൂര്‍ മേഖലയില്‍ 25 പേര്‍ക്ക് രോഗലക്ഷണമുള്ളതായാണ് റിപ്പോർട്ട്. രോഗബാധിതരുടെ എണ്ണം കൂടിയാല്‍ പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനം.

പ്രദേശത്തുനിന്ന് വെള്ളത്തിന്റെ സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 11 വയസുകാരൻ മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ല ബാക്ടീരിയ ആണെന്ന് കണ്ടത്തിയത്.

ഷിഗല്ല രോഗം റിപ്പോർട്ട് ചെയ്ത കോട്ടാംപറമ്പ് പ്രദേശത്ത് ആരോഗ്യവകുപ്പ് ഉന്നതസംഘം സന്ദർശിച്ചു. ജില്ലാ സർവയലൻസ് ഓഫീസർ ഡോ. സരള നായർ, എപ്പിഡമോളജിസ്റ്റ് നിലീന, കോർപ്പറേഷൻ ഹെൽത്ത് സൂപ്പർവൈസർ കെ. ശിവദാസ് തുടങ്ങിയവരാണ് സന്ദർശിച്ചത്.