പത്തനംതിട്ട: സംസ്ഥാനത്തെ പ്രധാനപ്പെട്ട പുണ്യ സ്ഥലങ്ങളിലെല്ലാം താമര വിരിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പന്തളത്ത് നഗരസഭാ ഭരണം നേടിയ ബിജെപി ജനപ്രതിനിധികൾക്കുള്ള അനുമോദനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പന്തളം ഒരു സൂചനയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്തെ പ്രധാനപ്പെട്ട പുണ്യ സ്ഥലങ്ങളിലെല്ലാം താമര വിരിഞ്ഞു. തിരുവല്ലം പരശുരാമ ക്ഷേത്രം, ശ്രീപദ്മനാഭന്റെ സന്നിധി, പന്തളം, ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാർഡ്, ചെങ്ങന്നൂർ ദേവീക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, ശിവഗിരി, പെരുന്ന, അയ്യങ്കാളി സ്മൃതി മന്ദിരം തുടങ്ങിയ സ്ഥലങ്ങളിൽ ബിജെപിയാണ് ജയിച്ചതെന്ന് സുരേന്ദ്രൻ പറഞ്ഞു.
‘കേരളത്തിൽ ദേശീയവാദികളും ദേശ വിരുദ്ധരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. 1200 സീറ്റിൽ ബിജെപിയെ തോൽപ്പിക്കാൻ ഇരു മുന്നണികളും മത തീവ്രവാദികളും ഒന്നിച്ചു. തലശ്ശേരിയിൽ ബിജെപിയെ പരാജയപ്പെടുത്താൻ സിപിഎം പല സ്ഥലത്തും കോൺഗ്രസിന് വോട്ട് മറിച്ചു. 70 വോട്ടാണ് ഒരു വാർഡിൽ എൽഡിഎഫിന് കിട്ടിയത്. തിരുവനന്തപുരത്ത് കോൺഗ്രസ് വോട്ട് മറിച്ചു. ഇരു മുന്നണികളും ഒന്നിച്ചത് സ്വാഗതാർഹമായ കാര്യമാണ്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ വളർച്ചയാണ് ഇത് കാണിക്കുന്നത്’- സുരേന്ദ്രൻ അവകാശപ്പെട്ടു.
ജയ്ശ്രീരാം എങ്ങനെയാണ് മതേതര വിരുദ്ധമാകുന്നതെന്നും ഭഗവാന്റെ നാമം മതേതരത്വത്തെ തകർക്കുന്നത് എങ്ങനെയാണെന്നും സുരേന്ദ്രൻ ചോദിച്ചു. ഭരണഘടനയിലെ മുഖചിത്രം തന്നെ ശ്രീരാമന്റേതാണ്. രാമന്റെ നാമവും ചിത്രവും ആരെങ്കിലും അപമാനിക്കാൻ ശ്രമിച്ചാൽ അത് ഈ രാജ്യത്ത് വിലപ്പോവില്ല. പാർലമെന്റിനകത്ത് ജയ്ശ്രീരാം വിളികളുയരുന്ന കാലമാണിതെന്ന് നിങ്ങൾ മറക്കേണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി.