വാരാണസി: വീടെന്ന വ്യാജേന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസിയിലെ ഓഫിസ് കെട്ടിടം വിൽക്കാൻ പരസ്യം നൽകിയ നാലുപേർ പിടിയിൽ. ആർക്കും വിൽക്കൽ/വാങ്ങൽ പരസ്യങ്ങൾ നൽകാവുന്ന ഒ.എൽ.എക്സ് വെബ്സൈറ്റിലാണ് പരസ്യം വന്നത്.
ലോക്സഭയിൽ വാരാണസിയെ പ്രതിനിധാനം െചയ്യുന്ന മോദിയുടെ ജവഹർ നഗർ മേഖലയിലെ പബ്ലിക് റിലേഷൻസ് ഓഫിസിെൻറ ചിത്രമാണ് നാല് കിടപ്പുമുറികളുള്ള വീട് എന്ന പേരിൽ വെബ്സൈറ്റിൽ വിൽപനക്ക് വെച്ചത്. 6500 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടത്തിന് ഏഴരക്കോടിയാണ് വിലയിട്ടത്.
ലക്ഷ്മികാന്ത് ഓജ എന്നാണ് വിൽപനക്കാരൻ്റെ പേര് രേഖപ്പെടുത്തിയിരുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ അന്വേഷണം ആരംഭിച്ചതായും കെട്ടിടത്തിെൻറ ചിത്രമെടുത്തവരും വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തവരുമുൾപ്പെടെ നാലുപേരെ കസ്റ്റഡിയിലെടുത്തതായും വാരാണസി സീനിയർ പൊലീസ് സൂപ്രണ്ട് അമിത് പഥക് അറിയിച്ചു.
സംഭവം വിവാദമായതിനു പിന്നാലെ പരസ്യം വെബ്സൈറ്റിൽനിന്ന് നീക്കി. ആരോപിതരെ ചോദ്യംചെയ്തുവരുകയാണെന്നും പൊലീസ് വ്യക്തമാക്കി.