എന്‍ഫോഴ്സ്മെന്റ് 26 മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും വ്യക്തമായ ഉത്തരം നല്‍കാതെ രവീന്ദ്രൻ; വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ രണ്ടു ദിവസമായി 26 മണിക്കൂര്‍ ചോദ്യം ചെയ്തെങ്കിലും പല കാര്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ രവീന്ദ്രന് കഴിഞ്ഞിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വിലയിരുത്തല്‍. രവീന്ദ്രന്റെ സ്വത്ത്, ബിസിനസ് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇഡി ശേഖരിച്ചിരുന്നു. എന്നാല്‍ ഇതുമായി പൊരുത്തപ്പെടുന്നതല്ല രവീന്ദ്രന്‍ ഹാജരാക്കിയ വരുമാനം സംബന്ധിച്ച കണക്കുകള്‍.

രവീന്ദ്രന്റെ ഇടപെടലുകൾ ദുരൂഹമാണെന്ന് എൻഫോഴ്സ്മെൻ്റ് സംശയിക്കുന്നു. സർക്കാർ പദ്ധതികളിൽ രവീന്ദ്രൻ-ശിവശങ്കർ അച്ചുതണ്ടിനാണ് നിയന്ത്രണമുണ്ടായിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൂടുതല്‍ രേഖകള്‍ എന്തെങ്കിലും ഹാജരാക്കാനുണ്ടെങ്കില്‍ തിങ്കളാഴ്ച എത്തിക്കണമെന്ന് എൻഫോഴ്സ്മെൻ്റ് നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ നാലര വര്‍ഷത്തിനിടെ തന്റെ സാലറി അക്കൗണ്ടിലൂടെ 26 ലക്ഷം രൂപയുടെ ഇടപാടാണു നടന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ചപ്പോള്‍ ലഭിച്ച 56 ലക്ഷം രൂപ ട്രഷറി അക്കൗണ്ടില്‍നിന്നു പിന്‍വലിച്ച്‌ ചെറുകിട ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. ബാക്കി സ്വകാര്യബാങ്ക് വായ്പയാണ്. വടകരയില്‍ രണ്ടു സ്ഥാപനങ്ങളില്‍ ഈ പണം നിക്ഷേപിച്ചിട്ടുണ്ട്. എട്ടു ലക്ഷം രൂപയാണ് ഒരിടത്തു നിക്ഷേപിച്ചതെന്നും രവീന്ദ്രന്‍ പറഞ്ഞു.

ഇത് തെളിയിക്കാനുള്ള രേഖകളും ഹാജരാക്കി. എന്നാല്‍ കൂടുതല്‍ നിക്ഷേപം രവീന്ദ്രന്‍ നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ നി​ഗമനം. സ്വര്‍ണക്കടത്ത്, ലൈഫ്മിഷന്‍, ഊരാളുങ്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുടെ വിശദാംശങ്ങളാണ് രവീന്ദ്രനോട് ചോദിക്കുന്നത്. ഊരാളുങ്കല്‍ സൊസൈറ്റിയുടെ കരാറുകള്‍, വിദേശയാത്രയുടെ രേഖകള്‍ എന്നിവ രവീന്ദ്രന്‍ ഹാജരാക്കിയിരുന്നില്ല. ഇതും തിങ്കളാഴ്ച നല്‍കണം. സ്വപ്ന, ശിവശങ്കര്‍ എന്നിവരുമായി ഔദ്യോഗികമല്ലാതെ ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന മുന്‍ നിലപാട് ഇന്നലെയും രവീന്ദ്രന്‍ ആവര്‍ത്തിച്ചു.