കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടിയ കോഴിക്കോട് കോർപ്പറേഷനിൽ ഡോ.ബീന ഫിലിപ്പ് മേയറാവും. പൊറ്റമ്മൽ വാർഡിൽ നിന്നമാണ് ബീന വിജയിച്ചത്. നടക്കാവ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ആയി വിരമിച്ച ബീനഫിലിപ്പിനെ സിപിഎം നേതൃത്വം മുൻകൈയ്യെടുത്ത് മത്സര രംഗത്തേക്കിറക്കുകയായിരുന്നു.
കപ്പക്കൽ വാർഡിൽ നിന്നും വിജയിച്ച മുസാഫിർ അഹമ്മദാവും പുതിയ ഡെപ്യൂട്ടി മേയർ. സർക്കാർ സ്കൂളുകളുടെ മുഖഛായ മാറ്റിയ പ്രിസം പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചു നേടിയ പ്രതിച്ഛായയും ബീനയിൽ വിശ്വാസം അർപ്പിക്കാൻ പാർട്ടിക്ക് തുണയായി. ബീനയെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം ഇന്നലെ ജില്ലാകമ്മിറ്റിയിൽ അവതരിപ്പിച്ചു.
ഇനി സംസ്ഥാന സമിതിയുടെ അംഗീകാരം ലഭിച്ചാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും.സംസ്ഥാന സമിതിയുടെ അംഗീകാരത്തിന് ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും. അധ്യാപക ജീവിതത്തിലൂടെ നഗരത്തിലാകെ ശിഷ്യരും സമൂഹത്തിൽ വ്യക്തിബന്ധങ്ങളും ഉള്ള ബീന ഫിലിപ്പിനെ മേയർ സ്ഥാനാർത്ഥി എന്ന നിലയിലാണ് ഇടതുപക്ഷം അവതരിപ്പിച്ചത്.