ബൈഡന്റെ അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായി ഇന്ത്യൻ വംശജൻ വേദാന്ത് പട്ടേൽ

വാഷിം​ഗ്ടൺ: വൈറ്റ് ഹൗസിലേക്ക് വീണ്ടും ഒരു ഇന്ത്യൻ വംശജൻ കൂടി എത്തുന്നു. നിലവിൽ ബൈഡന്റെ ക്യാമ്പയിനുകളുടെ മുതിർന്ന വക്താവാണ് വേദാന്ത്. ഡെമോക്രാറ്റിക്‌ പാർട്ടിയുടെ പ്രചരണ പരിപാടികളിലും സജീവമായിരുന്ന വേദാന്താണ് നവാഡയിലും യുഎസിന്റെ പടിഞ്ഞാറൻ സംസ്ഥാനങ്ങളിലുമെല്ലാം പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി നിയുകത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചത് ഇന്ത്യൻ അമേരിക്കൻ വംശജൻ വേദാന്ത് പട്ടേലിനെ.

ഗുജറാത്തിൽ ജനിച്ച വേദാന്ത് വളർന്നതും പഠിച്ചതുമെല്ലാം അമേരിക്കയിലാണ്. ഫ്ലോറിഡ കാലിഫോർണിയ യൂണിവേഴ്സിറ്റികളിൽ നിന്ന് ഉന്നത പഠനം പൂർത്തിയാക്കി. ഇന്ത്യൻ വംശജയായ അമേരിക്കൻ കോൺഗ്രസ് പ്രതിനിധി പ്രമീള ജയ്‌പാലിന്റെ വക്താവായും,അമേരിക്കൻ കോൺഗ്രസ് അംഗമായിരുന്ന മൈക്ക് ഹോണ്ടയുടെ കമ്മ്യൂണിക്കേഷൻസ് ഡിറക്ടറായും വേദാന്ത് പട്ടേൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വൈറ്റ് ഹൗസിന്റെ മാധ്യമ ടീമിൽ അംഗമാകുന്ന മൂന്നാമത്തെ ഇന്ത്യൻ അമേരിക്കൻ വംശജനാണ് വേദാന്ത് പട്ടേൽ. ബറാക് ഒബാമ പ്രസിഡന്റ് പദവിയിലിരിക്കുമ്പോൾ വൈറ്റ് ഹൗസ് പ്രസ് അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച പ്രിയ സിംഗ് ആണ് കമ്മ്യൂണിക്കേഷൻ വിങ്ങിൽ വരുന്ന ആദ്യത്തെ ഇന്ത്യൻ വംശജ. ട്രംപ് ഭരിക്കുമ്പോൾ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ആയിരുന്ന രാജ് ഷായും ഇന്ത്യൻ വംശജനാണ്.