ന്യൂഡെൽഹി: കാറുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ നടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് അധികൃതർ. പുതിയ റിപ്പോർട്ട് അനുസരിച്ച് എല്ലാ കാറുകളിലും രണ്ട് എയർബാഗ് നിർബന്ധമാക്കുന്നതിനുള്ള നീക്കത്തിലാണ് സർക്കാർ. 800 സി.സിക്ക് മുകളിൽ ശേഷിയുള്ള വാഹനങ്ങൾക്ക് എബിഎസ് നിർബന്ധമാക്കിയതിന് പിന്നാലെയാണ് പുതിയ നിർദേശം.
2019 ജൂലൈ ഒന്നിന് ശേഷം ഇന്ത്യയിലെത്തിയിട്ടുള്ള ചെറു കാറുകളിൽ പോലും ഡ്രൈവർ സൈഡ് എയർബാഗ് നിർബന്ധമാക്കിയിരുന്നു. എന്നാൽ, പുതിയ സൂചനകൾ അനുസരിച്ച് ഇന്ത്യയിൽ ഇറങ്ങുന്ന ബജറ്റ് കാറുകളിൽ ഉൾപ്പെടെ ഡ്രൈവർ സൈഡിനൊപ്പം പാസഞ്ചർ സൈഡിലും എയർബാഗ് നൽകേണ്ടിവരുമെന്ന് ടൈംസ് ഓഫ് ഇന്ത്യറിപ്പോർട്ട് ചെയ്തു.
ഈ നിർദേശം വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ടെക്നിക്കൽ കമ്മിറ്റി അംഗീകരിച്ചെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകുന്ന ഓട്ടോമോട്ടീവ് ഇൻഡസ്ട്രീസ് സ്റ്റാന്റേഡ് ഭേദഗതി ചെയ്യാൻ സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ച് കഴിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
വാഹനത്തിന്റെ വിലയും നിർമാണച്ചെലവും കുറയ്ക്കുന്നതിനായി സുരക്ഷാ സംവിധാനങ്ങളിൽ വിട്ടുവീഴ്ച വരുത്തുന്നതാണ് പൊതുവെയുള്ള കീഴ്വഴക്കം. ഇത് തടയാനാണ് ഈ നിർദേശമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. മറ്റ് രാജ്യങ്ങളിൽ സുരക്ഷയ്ക്ക് വലിയ പ്രധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലവിലെ നിർദേശം ഡ്രൈവറിന്റെ സുരക്ഷ മാത്രമാണ് ഉറപ്പാക്കുന്നത്. അപകടങ്ങളിൽ മുന്നിലെ യാത്രക്കാർക്കു ഗുരുതരമായി പരിക്കേൽക്കാനുള്ള സാധ്യത ഏറെയാണ്. ഇത് പരിഗണിച്ചാണ് രണ്ട് എയർബാഗ് നിർബന്ധമാക്കുന്നതെന്നാണ് വിലയിരുത്തലുകൾ. സ്പീഡ് അലേർട്ട്, സീറ്റ് ബൈൽറ്റ് റിമൈൻഡർ, റിവേഴ്സ് പാർക്കിങ്ങ് സെൻസർ എന്നിവ അടിസ്ഥാന സുരക്ഷാ ഫീച്ചറുകളാണ്.