മുംബൈ: ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള കെജി-ഡി6 ബ്ലോക്കിലെ ആർ-ക്ലസ്റ്റർ ആഴക്കടൽ വാതക പാടത്തുനിന്ന് ഖനനം ആരംഭിച്ചതായി ബി.പിയും റിലയൻസും സംയുക്തമായി അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും ആഴമുള്ള ആദ്യ ആഴക്കടൽ വാതക പദ്ധതിയാണിത്.
കെജി-ഡി6 ബ്ലോക്കിൽ മൂന്ന് ആഴക്കടൽ വാതക പദ്ധതികളാണ് ഇരുകമ്പനികളും ചേർന്ന് വികസിപ്പിക്കുന്നത്. ഖനനം ആരംഭിച്ച ആർ-ക്ലസ്റ്ററിന് പുറമേ സാറ്റ്ലൈറ്റ് ക്ലസ്റ്റർ, എംജെ എന്നിവയാണ് മറ്റുള്ളവ. ഇവ മൂന്നും ചേർന്ന് 2023 ഓടെ ഇന്ത്യയുടെ വാതക ആവശ്യത്തിന്റെ 15 ശതമാനവും നിറവേറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യം പൂർത്തിയായ ആർ-ക്ലസ്റ്റർ വാതക പാടം 2,000 മീറ്ററിലധികം ആഴത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും ആഴത്തിലുള്ള വാതക പാടമാണിത്. സാറ്റ്ലൈറ്റ് ക്ലസ്റ്റർ പദ്ധതി അടുത്ത വർഷത്തോടെയും എംജെ പദ്ധതി 2022ഓടെയും പൂർത്തീകരിച്ചേക്കും.
2023ഓടെ മൂന്ന് വാതക പാടത്തുനിന്നുമുള്ള വാതക ഉത്പാദനം ഏകദേശം 30 എംഎംഎസ്സിഎംഡി ആയിരിക്കും. ഇത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 25 ശതമാനത്തോളം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതികൾ പൂർത്തിയാകുന്നതോടെ ഇന്ത്യയിൽ വാതകം ഇറക്കുമതി കുറയ്ക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.