ന്യൂഡെൽഹി: കൊറോണ വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ഡോക്ടർമാർക്ക് കൃത്യമായ ഇടവേളകളിൽ അവധി നൽകുന്നതിന് മാർഗ്ഗരേഖ തയ്യാറാക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. ആശുപത്രികളിലെ അഗ്നി സുരക്ഷ സംവിധാനങ്ങളെ കുറിച്ച് ഓഡിറ്റ് നടത്താൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു. രണ്ടു ദിവസത്തിനകം മാർഗ്ഗരേഖ പുറത്തിറക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് കൃത്യമായ ഇടവേളകളിൽ ഡോക്ടർമാർക്ക് അവധി നൽകുന്നതിനുള്ള മാർഗ്ഗരേഖ തയ്യാറാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്.
രാജ്യത്ത് ഏപ്രില്‍ മാസം മുതല്‍ പല ആശുപത്രികളിലും കൊറോണ രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അവധി ഇല്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു. മാർഗ്ഗരേഖ തയ്യാറാക്കി രണ്ടു ദിവസത്തിനുള്ളിൽ പുറത്തിറക്കാമെന്ന് സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ അറിയിച്ചു.
കൂടാതെ കൊറോണ രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളിലെ അഗ്നി സുരക്ഷ സംവിധാനങ്ങളെ കുറിച്ച് ഓഡിറ്റ് നടത്താന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും കേന്ദ്ര സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
അഗ്നിശമന സംവിധാനം ഉറപ്പാക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും പൊതുചടങ്ങുകളിൽ കൊറോണ പ്രോട്ടോകോൾ നിർബന്ധമായും പാലിക്കണമെന്നും നിർദ്ദേശങ്ങൾ നടപ്പിലാക്കി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.