തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയിൽ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എങ്കിലും പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. വിജയത്തിന് പിതൃത്വം അവകാശപ്പെടാൻ ഒരുപാട് പേരുണ്ടാകും എന്നാൽ പരാജയം അനാഥനാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരുപതിൽ 19 സീറ്റ് ലഭിച്ചപ്പോൾ തനിക്കാരും പൂച്ചെണ്ട് തന്നില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു.
വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. തിരഞ്ഞെടുപ്പ് വിജയം കൂട്ടായ പ്രവർത്തനമാണ്. കൂട്ടായ നേതൃത്വത്തിൽ വിശ്വസിക്കുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിൽ യാതൊരു നൈരാശ്യവുമില്ല. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഒഴിച്ചാൽ ഒരു തദ്ദേശ തിരഞ്ഞെടുപ്പിലും യുഡിഎഫിന് ജയം നേടാൻ സാധിച്ചില്ലെന്ന യാഥാർത്ഥ്യം അറിയാമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
2015 നേക്കാൾ നേട്ടം കൈവരിക്കാനായെന്ന മുൻ നിലപാട് മുല്ലപ്പള്ളി ആവർത്തിച്ചു. നേട്ടമുണ്ടായെങ്കിലും പ്രതീക്ഷിച്ച വിജയമുണ്ടായില്ലെന്നാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ വിലയിരുത്തൽ. ജനങ്ങൾക്കിടയിൽ തെറ്റിധാരണയുണ്ടാക്കുന്ന പ്രചരണങ്ങളെ ഫലപ്രദമായി നേരിടാൻ സാധിച്ചില്ല. പൊതു രാഷ്ടീയം കേരളത്തിൽ ഒരിടത്തും ചർച്ചയായില്ലെന്നത് ദൗർഭാഗ്യകരമാണ്.
നേതൃത്വം മാറണമെന്ന് കെ സുധാകരൻ പറഞ്ഞിട്ടില്ല. സുധാകരൻ നടത്തിയത് ക്രിയാത്മ വിമർശനമാണ്. വടകരയിൽ നിന്ന് മാത്രമല്ല കണ്ണൂരിൽ നിന്നും അഞ്ച് തവണ വിജയിച്ചിട്ടുണ്ട്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ ശക്തമായ നിലപാടെടുത്തയാളാണെന്നും ഓർമകൾ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ അത്രവലിയ തെറ്റ് വല്ലതും ചെയ്തോ? ഞാൻ ചെയ്ത തെറ്റെന്താണ് പറയൂ, ഞാൻ ആ തെറ്റ് ഇപ്പോൾ തന്നെ തിരുത്താം. ഒരു മാനിനെ ചെന്നായ്ക്കൾ ആക്രമിക്കും പോലെയാണ് മാധ്യമങ്ങൾ എന്നെ ആക്രമിച്ചത്. എന്നെ മാത്രം ഒറ്റപ്പെടുത്തി ആക്രമിച്ചു.”- മുല്ലപ്പള്ളി പറഞ്ഞു. കാര്യങ്ങൾ വിശദമായി പാർട്ടിയിൽ ചർച്ച ചെയ്ത ശേഷം എല്ലാക്കാര്യത്തിനും വിശദമായ മറുപടി നൽകാമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
നാളെ കെപിസിസി സെക്രട്ടറിമാരുടേയും ജില്ലയുടെ ചുമതലയുള്ള സെക്രട്ടറിമാരുടേയും യോഗം കെപിസിസി ആസ്ഥാനത്ത് ചേരും. 23,24,26 തീയതികളില്‍ ജില്ലതിരിച്ച് അവലോകനയോഗം ഇന്ദിരാഭവനില്‍ ചേരും. ജില്ലകളിലെ എംപിമാര്‍, എംഎല്‍മാര്‍, രാഷ്ട്രീയകാര്യ സമിതിയംഗങ്ങള്‍, കെപിസിസി ഭാരവാഹികള്‍, കെപിസിസി നിര്‍വാഹകസമിതി അംഗങ്ങള്‍, ഡിസിസി പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കും.
ജനുവരി 6,7 തീയതികളിൽ രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംപിമാർ, എംഎൽഎമാർ, ഡിസിസി പ്രസിഡന്റുമാർ എന്നിവരുടെ വിശദമായ യോഗം ചേരുമെന്നും മുല്ലപള്ളി പറഞ്ഞു.