കൊല്‍ക്കത്ത: ബംഗാളില്‍ കാവിക്കൊടി പാറിക്കാൻ അമിത് ഷായുടെ രണ്ടുദിവസത്തെ സന്ദര്‍ശനം നാളെ തുടങ്ങും. ബിര്‍ഭൂമില്‍ റോഡ് ഷോയും മിഡ്‌നാപുരില്‍ പൊതുറാലിയും സംഘടിപ്പിക്കും. മിഡ്‌നാപുരില്‍ അമിത് ഷാ പങ്കെടുക്കുന്ന ചടങ്ങില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായിരുന്ന സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നേക്കും.
ബിര്‍ഭൂമില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോ ഞായറാഴ്ച നടക്കും. വിശ്വഭാരതി സര്‍വകലാശാല സന്ദര്‍ശനത്തിന് ശേഷമായിരിക്കും റോഡ് ഷോ. ക്ഷേത്ര ദര്‍ശനവും നടത്തും. കര്‍ഷക ഭവനങ്ങളും സന്ദര്‍ശിക്കും. ഞായറാഴ്ച ബാവുല്‍ ഗായകന്റെ വീട്ടില്‍ നിന്നായിരിക്കും ഉച്ചഭക്ഷണം.
ബംഗാളില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 200 സീറ്റ് ലക്ഷ്യമിട്ടാണ് ബിജെപിയുടെ പ്രവര്‍ത്തനം. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിരവധി കേന്ദ്ര നേതാക്കളാണ് ബംഗാളില്‍ ബിജെപി പരിപാടികളില്‍ പങ്കെടുക്കാനെത്തുന്നത്. അടുത്തയാഴ്ച കേന്ദ്ര നേതാക്കളുടെ പട തന്നെ ബംഗാളില്‍ എത്തുന്നുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 18 സീറ്റ് നേടി ബിജെപി തൃണമൂലിനെ ഞെട്ടിച്ചിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയിലെത്തിച്ച് സംസ്ഥാന ഭരണം പിടിക്കാമെന്നാണ് കണക്കുകൂട്ടല്‍. മുകുള്‍ റോയിക്ക് പിന്നാലെ തൃണമൂലിന്റെ മറ്റൊരു ശക്തനായ നേതാവായിരുന്ന സുവേന്ദു അധികാരി കൂടെയെത്തുമ്പോള്‍ പാര്‍ട്ടി കൂടുതല്‍ ശക്തി നേടുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം കരുതുന്നത്.