കോഴിക്കോട് ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു; അഞ്ചുപേർ ചികിത്സയിൽ

കോഴിക്കോട്: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ 11 വയസുകാരൻ മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം ഷിഗല്ല ബാക്ടീരിയ ആണെന്ന് കണ്ടത്തിയത്.

നിലവിൽ അഞ്ചു പേർ രോഗലക്ഷണവുമായി ചികിത്സയിലാണ്. ഷി​ഗല്ല രോ​​ഗം- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത് മൂലമാണ് ഷിഗല്ല രോഗമുണ്ടാകുന്നത്. പനി, വയറുവേദന, ഛർദ്ദിൽ, വയറിളക്കം എന്നിവയാണ് പ്രധാന രോഗലക്ഷണം.

തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക.ആഹാരസാധനങ്ങൾ അടച്ച് സൂക്ഷിക്കുകയും പഴകിയ ആഹാരം ഉപയോഗിക്കാതിരിക്കുകയും ചെയ്യുക.ഭക്ഷണം കഴിക്കുന്നതിന് മുൻപും, മലമൂത്രവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക.മലമൂത്ര വിസർജ്ജനം ശുചിമുറിയിൽ മാത്രം നടത്തുക.

കുഞ്ഞുങ്ങളുടെ വിസർജ്ജ്യം ശുചിമുറിയിൽ തന്നെ ഇടുകയും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുകയും വേണം. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക.മുട്ട പുഴുങ്ങുന്നതിന് മുൻപ് നന്നായി കഴുകുക.6 മാസം വരെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രം നൽകുക. കുപ്പിപ്പാൽ ഒഴിവാക്കുക.വ്യക്തിശുചിത്വം, ആഹാരശുചിത്വം, പരിസരശുചിത്വം എന്നിവ പാലിക്കുക.