ന്യൂഡെൽഹി: വലത് തീവ്രവാദ സംഘടനയായ ബജ്റംഗ് ദളിനെതിരെ നടപടിയെടുക്കാൻ ഒരുകാരണവും ഇല്ലെന്ന് ഫേസ്ബുക്ക്. പാർലമെന്ററി സമതി മുൻപാകെയാണ് ഫേസബുക്ക് ഇന്ത്യയുടെ തലവൻ അജിത് മോഹൻ ഇക്കാര്യം പറഞ്ഞത്.
ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെ പിന്തുണയ്ക്കുന്ന സംഘടനയാണ് ബജ്റംഗ് ദൾ എന്ന് ഫേസ്ബുക്കിന്റെ തന്നെ സുരക്ഷാ സംഘം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് തള്ളിയാണ് ബജ്റംഗ് ദളിനെ ഫേസ്ബുക്ക് ഇന്ത്യ അനുകൂലിച്ചത്. ഡാറ്റ സുരക്ഷ സംബന്ധിച്ച് ചർച്ച ചെയ്യാനാണ് ഇൻഫർമേഷൻ ടെക്നോളജിയുടെ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അജിത് മോഹനെ വിളിച്ചുവരുത്തിയത്. ചർച്ചയിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് പരാമർശിച്ചു.
കമ്പനിയുടെ ബിസിനസ് സാധ്യതകളെയും ജീവനക്കാരെയും അപകടത്തിലാക്കാം എന്നുള്ളതുകൊണ്ട് ബജ്രംഗ് ദളിനെ ഫേസ്ബുക്കിൽ തഴച്ചുവളരാൻ അനുവദിച്ചു എന്നായിരുന്നു വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട്. ഫേസ്ബുക്കിന്റെ വസ്തുതാ പരിശോധനാ സംഘം ഇതുവരെ സോഷ്യൽ മീഡിയ നയങ്ങൾ ലംഘിക്കുന്ന ഒരു ഉള്ളടക്കവും ബജ്രംഗ് ദൾ പോസ്റ്റുചെയ്തതായി കണ്ടെത്തിയിട്ടില്ലെന്ന് അജിത് മോഹൻ സമിതി മുൻപാകെ പറഞ്ഞു.
അപകടകാരിയായ സംഘടനയെന്ന റിപ്പോർട്ടിന് ശേഷവും ബജ്റംഗ് ദളിനെതിരേ നടപടി എടുക്കാൻ ഫേസ്ബുക്ക് മടിച്ചെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് പറയുന്നു. ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെ ബജ്റംഗ് ദൾ പിന്തുണച്ചതായും വൻതോതിൽ വ്യാജ പ്രചരണങ്ങൾ നടത്തുന്നതായും ഫേസ്ബുക്ക് സേഫ്റ്റി ടീം കണ്ടെത്തിയിരുന്നു. എന്നിട്ടും അവർക്കെതിരേ നടപടി എടുക്കാൻ ഫേസ്ബുക്ക് താൽപര്യം കാട്ടിയില്ലെന്നാണ് റിപ്പോർട്ട് പറയുന്നത്.