പന്തളത്ത് രണ്ടാം ഭാര്യയെ കൊന്ന് വഴിയരികിൽ ഉപേക്ഷിച്ച ഭർത്താവിനെ അറസ്​റ്റ്​ ചെയ്തു

പന്തളം: രണ്ടാം ഭാര്യയെ കൊന്ന് വഴിയരികിൽ ഉപേക്ഷിച്ച ഭർത്താവിനെ പന്തളം പൊലീസ് അറസ്​റ്റ്​ ചെയ്തു. പന്തളം കുരമ്പാല പറയൻറയ്യത്ത് കുറിയമുളയ്ക്കൽ മധുസൂദനൻ ഉണ്ണിത്താനാണ്​ (52) പിടിയിലായത്. ഇയാളുടെ ഭാര്യ അട്ടത്തോട് പാറയ്ക്കൽ വീട്ടിൽ സുശീലയാണ്​ (58) കൊല്ലപ്പെട്ടത്. മധുസൂദനന്റെ രണ്ടാം ഭാര്യയാണ് മരിച്ച സുശീല.

ആദ്യ ഭാര്യയുടെ മരണത്തെത്തുടർന്നാണ്​ മധുസൂദനൻ ഇവരെ വിവാഹം ചെയ്​തത്. അട്ടത്തോട് ദേവസ്വം ബോർഡ് വക എസ്​റ്റേറ്റിലെ ജീവനക്കാരിയായിരുന്നു സുശീല. അവിടെവെച്ച്​ പരിചയപ്പെട്ട ഇരുവരും അഞ്ചുവർഷംമുമ്പാണ് പന്നിവിഴ മഹാദേവർ ക്ഷേത്രത്തിൽ വിവാഹിതരായത്.

കൊലപാതകതത്തെക്കുറിച്ച്​ അന്വേഷണം ആരംഭിച്ച് ആറ്​ മണിക്കൂറിനകം​ പ്രതിയെ അറസ്​റ്റ്​ ചെയ്യാനായെന്ന്​ ജില്ല പൊലീസ് മേധാവി കെജി സൈമൺ പന്തളത്ത് പറഞ്ഞു. ജോലിയിൽനിന്ന്​ വിരമിച്ചപ്പോൾ സുശീലക്ക്​ ലഭിച്ച മൂന്നുലക്ഷം രൂപയിൽനിന്ന്​ രണ്ടുലക്ഷം രൂപ ഉപയോഗിച്ചാണ് അടൂർ ആനന്ദപ്പള്ളി സ്വദേശിയായ മധുസൂദനൻ കുരമ്പാലയിൽ സ്ഥലം വാങ്ങിയത്.

ബാക്കി തുകയെച്ചൊല്ലിയുള്ള വഴക്കാണ്​ കൊലപാതകത്തിൽ കലാശിച്ചത്. മൃതദേഹം ചാക്കിൽ കെട്ടി ബുധനാഴ്ച പുലർച്ച അഞ്ചോടെയാണ്​ സ്വന്തം ഓട്ടോറിക്ഷയിൽ കയറ്റി ഇടയാടി സ്കൂളിന്​ സമീപം ഇടവഴിയിൽ തള്ളിയത്.