വാഷിംഗ്ടൺ: സ്പേസ് എക്സ് മൂന്നാം ഘട്ട ദൗത്യസംഘത്തിന്റെ കമാൻഡറായി ഇന്ത്യൻ വംശജനായ കേണൽ രാജ ചാരി നിയമിക്കപ്പെട്ടു. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും നേതൃത്വം നൽകുന്ന ദൗത്യത്തിന്റെ പൈലറ്റ് നാസയുടെ ടോം മാർഷ്ബേണാണ്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ മത്തിയാസ് മോറർ ആണ് മിഷൻ സ്പെഷലിസ്റ്റ്. സംഘത്തിലേക്ക് ഒരാളെ കൂടി പിന്നീടു തിരഞ്ഞെടുക്കും.
സ്പേസ് എക്സ് ക്രൂ ഡ്രാഗണിൽ അടുത്തവർഷം രണ്ടാം പകുതിയിലാണ് ചാരി ഉൾപ്പെട്ട സംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു യാത്ര തിരിക്കുക. വ്യോമ സേനയിലായിരുന്ന രാജ ചാരി മൂന്നു വർഷം മുൻപാണു ബഹിരാകാശ സഞ്ചാരിയായി നാസയിൽ ചേർന്നത്.
രാജചാരിയുടെ ആദ്യ ബഹിരാകാശ ദൗത്യമാണിത്. ചന്ദ്രനിലേക്കുള്ള ഭാവി നാസ ദൗത്യത്തിലും ഈ 43കാരൻ പങ്കെടുക്കും. എൻജിനീയറിങ് പഠനത്തിനായെത്തി തുടർന്നു യുഎസിൽ കുടിയേറിയ പിതാവ് ശ്രീനിവാസ് ചാരി ഹൈദരാബാദുകാരനാണ്.