പെരുമാറ്റ ദൂഷ്യം: പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : കെഎസ്‌ഇബി ഓഫീസിലെ ജീവനക്കാരനായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ അബ്ദുള്‍ സലാം ഓവുംഗലിനെ സസ്‌പെന്‍ഡ് ചെയ്തു. പെരുമാറ്റ ദൂഷ്യം ചൂണ്ടിക്കാട്ടിയാണ് മഞ്ചേരി കെഎസ്‌ഇബിയുടെ നടപടി.

വിവിധ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള ഒരു സംഘടനയുടെ ചെയര്‍മാനാണ് ഒഎംഎ സലാം എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ സംഘടനയുടെ സംശയാസ്പദമായ രീതിയിലുള്ള സാമ്ബത്തിക ഇടപാട് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആവശ്യമായ അനുമതികള്‍ കൂടാതെ നടത്തിയ വിദേശ യാത്രകളെക്കുറിച്ചും കൃത്യമായ വിവരം ലഭിച്ചതായും കെഎസ്‌ഇബി വ്യക്തമാക്കി.

അതേസമയം നേരത്തെ, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. 26 ഇടങ്ങളിലായി ഇഡി റെയ്ഡ് നടത്തിയിട്ടുണ്ട്.