ന്യൂഡെൽഹി: ഉള്ളിക്ക് വരും ദിവസങ്ങളിൽ വില കുറഞ്ഞേക്കും. വരുന്ന മൺസൂൺ കാലത്തു ഉള്ളി സംഭരിച്ചുവെക്കാനുള്ള ബുദ്ധിമുട്ടിനെ തുടർന്നാണ് സമീപദിനങ്ങളിൽ കൂടുതൽ ഉള്ളി മാർക്കറ്റിലേക്ക് എത്തുമെന്നും കുറഞ്ഞ വിലക്ക് ലഭ്യമാകുമെന്നും കരുതുന്നത്.കർണാടകയിലെ ബെൽഗാവി മാർക്കറ്റിൽ ഉള്ളിയുടെ ഇപ്പോഴത്തെ വില 20 മുതൽ 38 രൂപ വരെയാണ്. കഴിഞ്ഞ മാസം ഇത് 70 രൂപ ആയിരുന്നു.
വിപണിയിൽ ഈ പ്രവണത തുടർന്നാൽ കേരളത്തിലെ മാർക്കറ്റുകളിലും ഉള്ളി വിലയിടിയുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ കുറെ ആഴ്ചകളിൽ തുടർച്ചയായി മഹാരാഷ്ട്രയിൽ ഉള്ളിക്ക് വില കുറഞ്ഞുവരികയും ഏതാണ്ട് 65 ശതമാനത്തോളം വിലയിടിഞ്ഞതായുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കിലോക്ക് 54 രൂപ എന്ന മൊത്തവില നിരക്കായിരുന്നു നവംബർ ആദ്യമെങ്കിൽ ഡിസംബർ ആദ്യവാരമായപ്പോഴേക്കും ഉള്ളിവില 18 ആയി താഴ്ന്നു. പൂഴ്ത്തിവെയ്പ്പാണ് ഉള്ളി വിലക്കയറ്റത്തിന് പ്രധാന കാരണമെന്നാണ് ആരോപണം.