കോട്ടയം: രാഷ്ട്രീയ യാഥാർത്ഥ്യം ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും എതിരാളികൾക്കുള്ള മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്നും ജോസ് കെ മാണി. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മാണിസാറിനോടൊപ്പം നിന്ന് മാണിസാറിനെ ചതിച്ചുപോയ പലരും ഉണ്ട്. അവർക്കൊക്കെയുള്ള മറുപടിയായാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തെ കാണുന്നത്. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ മുന്നേറ്റം കാണുന്നുണ്ട്. ജനക്ഷേമ പദ്ധതികൾക്ക് ലഭിച്ച സ്വീകാര്യതയാണിത്”.
“കേരളാ കോൺഗ്രസിനെ മാണിസാറിന്റെ പ്രസ്ഥാനത്തെ ഇല്ലായ്മ ചെയ്യുവാനായി ചില ശക്തികളുടെ കൂടെ കൂടി പദവിക്ക് വേണ്ടി മറുകണ്ടം ചാടിയവരുമുണ്ട്. അവർക്കുള്ള മറുപടിയാണ് ഈ വിജയം”. ഒരു കാരണവും ഇല്ലാതെ ഞങ്ങളെ പടിയടച്ച കോൺഗ്രസിന് ജനം നൽകിയ മറുപടിയാണ് ഇതെന്നും ജോസ് കെ മാണി പ്രതികരിച്ചു.