തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ആത്മ വിശ്വാസം നൽകുന്ന പ്രകടനമാണ് കാഴ്ചവച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിനെതിരെ രൂപപ്പെട്ട ജനവികാരം പൂർണമായും പ്രതിഫലിച്ചിട്ടില്ല. പ്രാദേശിക പ്രശ്നങ്ങളും വ്യക്തിപരമായ സ്വാധീനങ്ങളുമാണ് ചർച്ച ചെയ്യപ്പെടുന്നതെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന സർക്കാർ നടത്തുന്ന അഴിമതികൾ കേരളത്തിലെ ജനങ്ങൾ വെള്ളപൂശിയെന്ന എൽഡിഎഫിന്റെ നിലപാട് അങ്ങേയറ്റം അപഹാസ്യമാണ്.
അഴിമതിക്കെതിരായ പോരാട്ടം കോൺഗ്രസ് പാർട്ടി തുടരുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
യുഡിഎഫിന്റെ അടിത്തറയിൽ കോട്ടം സംഭവിച്ചിട്ടില്ല. ജനപിന്തുണയിൽ ഇടിവും ഉണ്ടായിട്ടില്ല. പോരായ്മകൾ ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി എന്നിവർക്കൊപ്പമാണ് പ്രതിപക്ഷ നേതാവും മാധ്യമങ്ങളെ കണ്ടത്.
കേരളത്തിൽ ബിജെപിക്ക് സ്ഥാനമില്ലെന്ന് തദ്ദേശ തെരഞ്ഞെടുപ്പോടെ വ്യക്തമായി. ഏതാനും പോക്കറ്റുകളിൽ മാത്രമാണ് ബിജെപിക്ക് സ്വാധീനം. കേരളത്തിൽ ഒരു ചലനവും സൃഷ്ടിക്കാൻ ബിജെപിക്കായില്ലെന്നും ചെന്നിത്തല പറഞ്ഞു.