ചെന്നൈ: വ്യാജ നീറ്റ് സര്‍ട്ടിഫിക്കറ്റുണ്ടാക്കി മെഡിക്കല്‍ പ്രവേശനത്തിന് ശ്രമിച്ച വിദ്യാര്‍ത്ഥിനിയും ഡോക്ടറായ അച്ഛനും പിടിയില്‍. ചെന്നൈയിലെ മെഡിക്കല്‍ കൗണ്‍സിലിങ്ങിനിടെയാണ് ഇരുവരും പിടിയിലായത്. ഉന്നത വിജയം നേടിയ മറ്റൊരു വിദ്യാര്‍ത്ഥിയുടെ സര്‍ട്ടിഫിക്കറ്റില്‍ തിരിമറി നടത്തിയാണ് പ്രവേശനത്തിന് ശ്രമിച്ചത്.
രാമനാഥപുരം സ്വദേശി എന്‍ ബി ദീക്ഷ , അച്ഛന്‍ ഡോക്ടര്‍ ബാലചന്ദ്രന്‍ എന്നിവരാണ് ചെന്നൈ പൊലീസിന്‍റെ പിടിയിലായത്. ചെന്നൈ നെഹ്റ്രു കോളേജിലെ മെഡിക്കല്‍ കൗണ്‍സിലിങ്ങിനിടെയാണ് തട്ടിപ്പ് പുറത്തായത്. നീറ്റ് പരീക്ഷയില്‍ ദീക്ഷയ്ക്ക് 27 മാര്‍ക്ക് മാത്രമാണ് ലഭിച്ചിരുന്നത്. എന്നാല്‍ 610 മാര്‍ക്ക് നേടിയ ഹൃതിക എന്ന വിദ്യാര്‍ത്ഥിയുടെ സ്കോര്‍ കാർഡില്‍ ഫോട്ടോയും മറ്റുവിവരങ്ങളും മാറ്റിചേര്‍ക്കുകയായിരുന്നു.
രജിസ്റ്റര്‍ നമ്പറും പാസവേഡും നല്‍കിയാണ് മാര്‍ക്ക് ലിസ്റ്റ് ലഭിക്കാന്‍ ലോഗിന്‍ ചെയ്യേണ്ടത്. മറ്റൊരു വിദ്യാര്‍ത്ഥിയുടെ സർട്ടിഫിക്കറ്റില്‍ കൃത്രിമം നടത്താനാണെങ്കിലും അവരുടെ ഫോണിലെ ഒടിപി നമ്പര്‍ ലഭിക്കാതെ നടക്കില്ല. അതിനാല്‍ തട്ടിപ്പില്‍ ഹൃതികയ്ക്കും പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ്.
വിദ്യാര്‍ത്ഥിക്കും പിതാവിനുമെതിരെ നടപടി ആവശ്യപ്പെട്ട് മെഡിക്കല്‍ വിദ്യാഭ്യാസ ഡെയറക്ടറും പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ വര്‍ഷം തേനി മെഡിക്കല്‍ കോളേജില്‍ പഠിച്ച ഉദിത് സൂര്യ എന്ന വിദ്യാര്‍ത്ഥി ആള്‍മാറാട്ടം നടത്തി പ്രവേശനം നേടിയത് വലിയ വിവാദമായിരുന്നു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ 14 പേരെ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പഴുതടച്ച പരിശോധന തുടരുമ്പോഴും മെഡിക്കല്‍ പ്രവേശന തട്ടിപ്പ് ശ്രമം തുടരുകയാണ്.