“ഞങ്ങളുടെ പ്രക്ഷോഭം നിങ്ങൾക്ക് വേദനയുണ്ടാക്കുന്നു; ഞങ്ങൾ കൈകൂപ്പി ക്ഷമ ചോദിക്കുന്നു”; യാത്രാക്ലേശത്തിന് പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കർഷകർ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭത്തിലുള്ള കർഷക കൂട്ടായ്മ പൊതുജനങ്ങളോട് മാപ്പപേക്ഷിച്ചു. തങ്ങളുടെ പ്രക്ഷോഭം കാരണം യാത്രയ്ക്ക് അടക്കം ബുദ്ധിമുട്ട് നേരിട്ടതിനാണ് പൊതുജനങ്ങളോട് കർഷക സംഘടനകൾ മാപ്പ് പറഞ്ഞത്.

40 ഓളം കർഷക സംഘടനകളാണ് കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ഡെൽഹിയുടെ അതിർത്തികളിൽ പ്രതിഷേധം നടത്തുന്നത്. ഇതേ തുടർന്ന് ഹരിയാണയിൽ നിന്നും രാജസ്ഥാനിൽ നിന്നും ഡെൽഹിയിലേക്കുള്ള വിവിധ അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്.

അതിർത്തികൾ അടച്ചതുമൂലം പൊതുജനത്തിനുണ്ടാകുന്ന ക്ലേശങ്ങൾ കണക്കിലെടുത്ത് കർഷക സംഘടനകൾ ലഘുലേഖകൾ അടിച്ചിറക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന് മുന്നിൽ തങ്ങൾ വെച്ച ആവശ്യങ്ങൾ നിരത്തികൊണ്ട് പൊതുജനത്തോട് ക്ഷമ ചോദിക്കുന്ന ഉള്ളടക്കമാണ് ലഘുലേഖയിലുള്ളത്.

‘ഞങ്ങൾ കർഷകരാണ്, ഞങ്ങളെ ഭക്ഷ്യ ദാതാക്കൾ എന്ന് വിളിക്കുന്നു. പ്രധാനമന്ത്രി ഈ മൂന്ന് പുതിയ നിയമങ്ങളും സമ്മാനമായി തന്നതാണെന്ന് പറയുന്നു. ഇത് ഒരു സമ്മാനമല്ല, ശിക്ഷയാണെന്ന് ഞങ്ങൾ പറയുന്നു. നിങ്ങൾ ഞങ്ങൾക്ക് ഒരു സമ്മാനം നൽകണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, ഞങ്ങളുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില ഉറപ്പ് നൽകുക. റോഡുകൾ തടയുക, പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല.

ഞങ്ങൾ ഇവിടെ ആവശ്യക്കാരായിട്ട് ഇരിക്കുകയാണ്. എന്നിരുന്നാലും ഞങ്ങളുടെ പ്രക്ഷോഭം നിങ്ങൾക്ക് വേദനയുണ്ടാക്കുന്നുണ്ട്. ഞങ്ങൾ കൈകൂപ്പി ക്ഷമ ചോദിക്കുന്നു. നിങ്ങൾക്ക് എന്ത് അത്യാവശ്യമുണ്ടെങ്കിലും ഞങ്ങളുടെ സന്നദ്ധപ്രവർത്തകരെ ബന്ധപ്പെട്ടാൽ മതി.’ ലഘുലേഖയിൽ പറയുന്നു.

തങ്ങൾക്ക് ആരുടേയും ദാനം വേണ്ടെന്നും വില മാത്രം മതിയെന്നും കർഷകർ കൂട്ടിചേർക്കുന്നു.’ഞങ്ങൾ ഡെൽഹിയിൽ പോയി പ്രധാനമന്ത്രിയോട് പറയാൻ ആഗ്രഹിക്കുന്ന ഒരേയൊരു ആവശ്യമാണിത്. സർക്കാർ ഞങ്ങളോട് സംസാരിക്കുന്നതായി നടിക്കുകയാണെങ്കിലും ഞങ്ങൾ പറയുന്നത് കേൾക്കുന്നില്ല’ കർഷകർ പറയുന്നു.