കൊച്ചി: ചെക്ക് തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടുകൊണ്ട് റിസർവ് ബാങ്ക് അവതരിപ്പിച്ച പോസിറ്റീവ് പേസിസ്റ്റം ജനുവരി ഒന്നിന് നിലവിൽ വരും. 50,000 രൂപയിലധികം തുക വരുന്ന ചെക്കുകൾക്കാണ് ഈ സുരക്ഷാ സംവിധാനം ബാധകമാകുക. ഉയർന്ന തുകയുടെ ചെക്ക് ബാങ്കിൽ സമർപ്പിക്കുമ്പോൾ അക്കൗണ്ട് ഉടമയുടെ ചെക്കിലുള്ള വിശദ വിവരങ്ങൾ വീണ്ടും പരിശോധിച്ച് ഉറപ്പാക്കിയ ശേഷം ക്ലിയറൻസ് ചെയ്യുന്ന സംവിധാനമാണ് പോസിറ്റീവ് പേ സിസ്റ്റം.
അക്കൗണ്ട് ഉടമകൾക്ക് എസ്.എം.എസ്., മൊബൈൽ ആപ്, ഇന്റർനെറ്റ് ബാങ്കിങ്, എ.ടി.എം. തുടങ്ങി ഏതെങ്കിലും ഇലക്ട്രോണിക് രീതിയിലൂടെ ചെക്കിലെ വിവരങ്ങൾ (തീയതി, ഗുണഭോക്താവിന്റെ പേര്, തുക, അക്കൗണ്ട് നമ്പർ തുടങ്ങിയവ) ബാങ്കിന് കൈമാറാം. ശേഷം ചെക്ക് ക്ലിയറൻസിനെത്തുമ്പോൾ ഈ വിവരങ്ങളുമായി ബാങ്ക് ഒത്തുനോക്കും.
എന്തെങ്കിലും പൊരുത്തക്കേട് കണ്ടാൽ ചെക്ക് നൽകിയ ബാങ്കിനെയും പിൻവലിക്കുന്ന ബാങ്കിനെയും ചെക്ക് ട്രാൻസാക്ഷൻ സിസ്റ്റം ഈ വിവരം അറിയിക്കും.
ചെക്ക് ഇടപാടുകൾക്ക് പോസിറ്റീവ് പേ സംവിധാനം തിരഞ്ഞെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. എന്നാൽ, അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ തുക വരുന്ന ചെക്കിന് സ്വമേധയാ പോസിറ്റീവ് പേ സംവിധാനം ഏർപ്പെടുത്തുന്ന കാര്യം ബാങ്കുകൾ പരിഗണിച്ചേക്കും.