തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) നോട്ടീസ് അയച്ചു. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് രവീന്ദ്രനോട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത് നാലാംതവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് രവീന്ദ്രന് ഇഡി നോട്ടീസ് അയക്കുന്നത്. നേരത്തെ മൂന്നുതവണയും ആരോഗ്യപ്രശ്‌നങ്ങൾ കാണിച്ച് രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
കഴിഞ്ഞ തവണ ഇഡി നോട്ടീസ് അയച്ചപ്പോൾ, തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഹാജരാകാൻ ഒരാഴ്ച സമയം നീട്ടിത്തരണമെന്നും അഭിഭാഷകൻ മുഖേന രവീന്ദ്രൻ ഇഡിയെ അറിയിച്ചിരുന്നു. എന്നാൽ ഈ അഭ്യർഥന നിരസിച്ചാണ് വ്യാഴാഴ്ച ഹാജരാകാൻ ഇഡി രവീന്ദ്രനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കോടതിയുടെ അനുമതിപ്രകാരം സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയെയും സരിത്തിനെയും ഇഡി ജയിലിൽ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. സിഎം രവീന്ദ്രന്റെ ഇടപാടുകൾ സംബന്ധിച്ചാണ് ചോദ്യം ചെയ്യലെന്നാണ് സൂചന. ഈ ചോദ്യം ചെയ്യൽ നാളെ അവസാനിക്കും. ഇവരിൽനിന്ന് ലഭിക്കുന്ന വിവരം കൂടി അടിസ്ഥാനമാക്കിയായിരിക്കും രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യുക.