ന്യൂഡെൽഹി: എയിംസിലെ സമരത്തിനിടെ മലയാളി നഴ്സിന് പൊലീസിൻ്റെ മർദ്ദനമേറ്റെന്ന് പരാതി. സമരത്തിനെത്തിയ നഴ്സുമാരെ പ്രധാന കവാടത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. ഇതോടെ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പൊലീസ് നഴ്സിനെ ലാത്തികൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് പരാതി. അടിയേറ്റ നഴ്സിന്റെ കാല് പൊട്ടി. എംയിസ് കാമ്പസിനകത്ത് വലിയ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
അതേസമയം, സമരവുമായി ബന്ധപ്പെട്ട് നഴ്സുമാർക്ക് അന്ത്യശാസനവുമായി കേന്ദ്രം രംഗത്തെത്തി. ഡ്യൂട്ടി ബഹിഷ്ക്കരിച്ച് സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനം എംയിസ് നഴ്സ് യൂണിയൻ തള്ളി. പ്രശ്നങ്ങൾ 2019 ഡിസംബറിൽ പരിഹരിക്കാമെന്ന ഉറപ്പ് നൽകിയതാണ്. ഇതുവരെ അതിന് കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. കൊറോണ സാഹചര്യമായതിനാലാണ് ഇത്രയും നാൾ സമരം ചെയ്യാതെ ഇരുന്നത്. ഒരു മാസം മുൻപ് നൽകിയ സമര നോട്ടീസിന് പോലും മറുപടി നൽകിയിട്ടില്ലെന്നും സമരം അടിച്ചമർത്താനാണ് ഇപ്പോൾ എംയിസിന്‍റെ ശ്രമമെന്നും എംയിസ് നഴ്സ് യൂണിയൻ പറയുന്നു.
അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്കരിച്ചാണ് സമരം. ഒരു മാസം മുൻപ് മാനേജ്മെന്റിനോട് തങ്ങളുടെ ആവശ്യങ്ങൾ നിവേദനത്തിലൂടെ അറിയിച്ചിരുന്നുവെങ്കിലും പരിഗണിക്കാതെ വന്നതോടെയാണ് സമരമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.
ഇന്നലെയാണ് അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തതും തുടങ്ങിയതും. സമരം അവസാനിപ്പിച്ച് ജോലിക്ക് കയറണമെന്ന് എയിംസ് ഡയറക്ടർ ആവശ്യപ്പെട്ടെങ്കിലും സമരക്കാർ ഇത് തള്ളി.
നഴ്സുമാർ മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങൾ
23 വിഷയങ്ങളാണ് മുന്നോട്ട് വെയ്ക്കുന്നത് അതില്‍ പ്രധാനപ്പെട്ടവ:
- ആറാം ശമ്പള കമ്മീഷനിലെ അപാകത പരിഹരിക്കുക.
- മുടങ്ങി കിടക്കുന്ന അനൂകൂല്യങ്ങൾ നൽകുക.
- കരാർ അടിസ്ഥാനത്തിൽ എം യിസിലേക്ക് സ്വകാര്യ ഏജൻസിയിൽ നിന്ന് നഴ്സുമാരെ നിയമിക്കുന്നത് നിർത്തുക
- കേന്ദ്ര സർക്കാർ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ലഭിക്കുന്ന ചികിത്സ സൗകര്യം ലഭ്യമാക്കുക
- നഴ്സിംഗ് നിയമനത്തിൽ ആൺ- പെൺ അനുപാതികം പാലിക്കുക
- ജീവനക്കാരുടെ താമസ സൗകര്യം വർധിപ്പിക്കുക.