ചെന്നൈ: സീരിയൽ നടി വിജെ ചിത്ര ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരൻ ഹേംനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യും.
അഞ്ചു ദിവസത്തെ തുടർച്ചയായ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഹേംനാഥിനെ അറസ്റ്റ് ചെയ്തത്.
ചിത്രയുടെ അമ്മ വിജയയും ഹേംനാഥും നൽകിയ മാനസിക സമ്മർദമാണ് ആത്മഹത്യയ്ക്ക് ചിത്രയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞിരുന്നു. ചിത്രയുടെ സഹോദരിക്കൊപ്പമെത്തിയ വിജയയെ ഇന്നലെ പൊലീസ് രണ്ടു മണിക്കൂറിലേറെ ചോദ്യം ചെയ്തു. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ചിത്ര മൊബൈൽ ഫോണിൽ വാഗ്വാദത്തിലേർപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ട്.
താനും ചിത്രയും തമ്മിൽ വാഗ്വാദമുണ്ടായിട്ടില്ലെന്ന് ചോദ്യം ചെയ്യലിൽ വിജയ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് നുസ്രത്ത്പേട്ടിലെ ആഡംബര ഹോട്ടലിൽ ചിത്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടുത്ത മാനസിക സമ്മർദമാണ് ചിത്രയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഫെബ്രുവരിയിൽ ചിത്രയുടെ വിവാഹം നടത്താനിരുന്നതാണ്. മരണത്തിന്റെ അന്നേ ദിവസം സീരിയലിലെ ഒരു രംഗത്തിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനു മുൻപും ഇത്തരം കാര്യങ്ങളിൽ ഹേംനാഥ് ചിത്രയുമായി കലഹിച്ചിരുന്നു.
സീരിയൽ ചിത്രീകരണ സ്ഥലത്തു മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.ഇത് അറിയിച്ചപ്പോൾ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ അമ്മ നിർബന്ധിച്ചു. വിവാഹ നിശ്ചയത്തിനു ശേഷം ഇരുവരും വീട്ടുകാരെ അറിയിക്കാതെ റജിസ്റ്റർ വിവാഹം ചെയ്തിരുന്നു.