പാർട്ടിക്കാരുടെ ഭീഷണി; വോട്ടെടുപ്പ് ദിവസം മര്‍ദ്ദനമേറ്റ പ്രിന്‍റുവും കുടുംബവും വീടുമാറുന്നു

കൊച്ചി: പാര്‍ട്ടി പ്രവർത്തകരുടെ ഭീഷണി ഭയന്ന് വീട് മാറാനുള്ള ഒരുക്കത്തിൽ ഒരു കുടുംബം. കിഴക്കമ്പലത്ത് വോട്ടെടുപ്പ് ദിവസം മര്‍ദ്ദനമേറ്റ പ്രിന്‍റുവും കുടുംബവുമാണ് വീടുമാറുന്നത് . തങ്ങളെ ഇല്ലാതാക്കുമെന്നാണ് എൽഡിഎഫ്,യുഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണിയെന്നാണ് പ്രിന്‍റു പറയുന്നത്.

വയനാട്ടിൽ നിന്നും 14 വര്‍ഷം മുമ്പാണ് പ്രിന്‍റു കിഴക്കമ്പലത്ത് എത്തിയത്. കിറ്റക്സ് കമ്പനിയിൽ ജോലിക്ക് കേറിയതോടെ വീട് വാടകയ്ക്കെടുത്ത് കുടുംബവുമായി താമസം തുടങ്ങി. തെര‍ഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനെത്തിയ തന്നെ എൽഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകർ മര്‍ദ്ദിച്ചതിന്‍റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല.

”ഷർട്ട് കീറി, മാല വലിച്ച് പൊട്ടിച്ചു, എന്നെ വല്ലാതെ മർദ്ദിച്ചു. ഇവളെ, ഭാര്യയെ കഴുത്തിന് പിടിച്ച് തള്ളി. അതിന് ശേഷം ഞാൻ വോട്ട് ചെയ്യുന്നില്ല, പൊക്കോളാം എന്ന് പറഞ്ഞു. എന്നിട്ടും അവർ മ‍ർദ്ദനം അവസാനിപ്പിച്ചില്ല”, പ്രിന്‍റു പറയുന്നു.

വാടകയ്ക്ക് താമസിക്കുന്നവരെ വോട്ട് ചെയ്യാൻ അനുവദിക്കില്ലെന്ന മുന്നണി പ്രവര്‍ത്തകരുടെ നിലപാടാണ് അക്രമത്തിൽ കലാശിച്ചത്.

”വോട്ട് ചെയ്യുന്നില്ലെന്ന് പറഞ്ഞ് പോയിട്ടും, അവരത് കേട്ടില്ല. അപ്പഴേക്ക് എന്നെപ്പിടിച്ച് തള്ളി. ഞാൻ നിലത്ത് വീണു. അപ്പഴേക്കും ചുരിദാർ ആരോ വലിച്ചുകീറി. ഡ്രസ് പിന്നിൽ കീറി. ഷോളും കീറി”, എന്ന് പ്രിന്‍റുവിന്‍റെ ഭാര്യ പ്രിജിത.

പട്ടിമറ്റത്താണ് പ്രിന്റുവും കുടുംബവും താമസിക്കുന്നത്. “ഞങ്ങൾക്ക് ഒറങ്ങാൻ പറ്റണില്ല. പേടിയാണ്. രാത്രി കിടന്നാ ഇനി ഇവരുടെ ആളുകൾ വന്ന് ആക്രമിക്കുവോ എന്ന് പേടിയാണ്”, പ്രിന്‍റു പറയുന്നു.

സംഭവത്തിൽ 16 പേരെയാണ് കുന്നത്തുനാട് പൊലീസ് പ്രതി ചേര്‍ത്തിട്ടുള്ളത്. ഇതിൽ 15 പേരെയും അറസ്റ്റ് ചെയ്തു. ഒരാളെ ഇനിയും പിടികൂടാനുണ്ട്.