കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയപരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന് ആയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. വെല്‍ഫെയര്‍ പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടിയല്ല. ഞങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് ഒന്നും ആവശ്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ഇത് ഒളിച്ചും പാത്തുമുള്ള സഖ്യമൊന്നുമല്ല. പ്രാദേശികമായിട്ടുള്ള നീക്കുപോക്കാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അവര്‍ സഹായിച്ചു. ഇത്തവണ പ്രാദേശിക തലത്തില്‍ പലയിടത്തും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്ക് ഉണ്ടാക്കിയിട്ടുണ്ട്.
വടകരയിലും മികച്ച വിജയാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ വിജയം നേടാനാകാത്ത വടകരയില്‍ മികച്ച മുന്നേറ്റം ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍എംപിയുമായുള്ള കൂട്ടുകെട്ടില്‍ വടകര മേഖലയിലെ മിക്ക പഞ്ചായത്തുകളും യുഡിഎഫ് തൂത്തുവാരും. കേരളത്തില്‍ ഉണ്ടാകുന്ന വിജയ പരാജയങ്ങളുടെ ഉത്തരവാദിത്തമെല്ലാം താനുള്‍പ്പെടുന്ന സംസ്ഥാന നേതൃത്വത്തിനാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
പരാജയത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. ഏതെങ്കിലും വ്യക്തിയുടെ വിജയമല്ല, പാര്‍ട്ടിയുടെയും മുന്നണിയുടെയും വിജയമാണ്. ഇക്കാര്യത്തിലൊന്നും വിവാദത്തിന്റെ ആവശ്യമില്ല. ആരെങ്കിലും എവിടെയെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
കല്ലാമലയില്‍ യുഡിഎഫ് തോറ്റാല്‍ ഉത്തരവാദിത്തം കെ മുരളീധരന് ആയിരിക്കുമെന്ന, സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഒഴിവാക്കിയ കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശത്തിനുള്ള മറുപടിയായി കെ മുരളീധരന്‍ പറഞ്ഞു.