ന്യൂഡെൽഹി: മരട് ഫ്ളാറ്റ് കേസുകൾ കേൾക്കുന്നത് സുപ്രീം കോടതി ജനുവരി മൂന്നാം വാരത്തിലേക്ക് മാറ്റി. വിശദമായി വാദം കേൾക്കേണ്ട കേസാണിതെന്ന് ജസ്റ്റിസ് റോഹിങ്ടൻ നരിമാൻ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇന്ന് കേസുകളിൽ ഹ്രസ്വമായ വാദം കേൾക്കുന്ന ദിവസമാണെന്നും അതിനാൽ ജനുവരി മൂന്നാം വാരം വിശദമായ വാദം കേൾക്കുന്ന ദിവസം നഷ്ടപരിഹാരം സംബന്ധിച്ച ഹർജികൾ കേൾക്കാമെന്നുമാണ് കോടതി വ്യക്തമാക്കിയത്.
മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് വസ്തുക്കൾ വിൽക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ളാറ്റ് നിർമ്മാതാക്കൾ നൽകിയ അപേക്ഷയാണ് സുപ്രീം കോടതിയിൽ ഇന്ന് ലിസ്റ്റ് ചെയ്തിരുന്നത്. പ്രാഥമിക നഷ്ടപരിഹാര വിതരണത്തിനായി നിർമ്മാതാക്കൾ നൽകേണ്ട 61.5 കോടിയിൽ ഇത് വരെ നൽകിയത് അഞ്ച് കോടിയിൽ താഴെയാണെന്ന് വ്യക്തമാക്കി ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
നഷ്ടപരിഹാരം നൽകാനായി വസ്തുക്കൾ വിൽക്കാൻ അനുവദിക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം തള്ളിയതായും സമിതി സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശ ചട്ടലംഘനങ്ങൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകാൻ എട്ട് മാസം കൂടി സമയം നൽകണമെന്ന സർക്കാരിന്റെ ആവശ്യവും സുപ്രീം കോടതിയുടെ പരിഗണനയിലാണ്.