തദ്ദേശ സ്ഥാപനങ്ങളിലെ സംവരണം;ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണം സംബന്ധിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. മൂന്നാം തവണയും അധ്യക്ഷ സ്ഥാനം സംവരണം ചെയ്യപ്പെട്ട തദ്ദേശ സ്ഥാപങ്ങളെ പൊതുവിഭാഗത്തിൽ ഉള്‍പ്പെടുത്തിയ ഉത്തരവാണ് റദ്ദാക്കിയത്. സർക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും അപ്പീൽ ഹൈക്കോടതി വാദം അംഗീകരിച്ചു. പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി ചട്ടങ്ങൾ പരിഗണിക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷപദം തുടർച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി പുനക്രമീകരിക്കണമെന്നാണ് സിംഗിൾ ബഞ്ചിന്റെ ഉത്തരവ്. സംവരണ സീറ്റുകൾ റൊട്ടേഷൻ പാലിച്ച് മാറ്റണമെന്നും നിർദ്ദേശിച്ചു. എന്നാൽ 20 ഹർജികളിൽ പലതിലും കക്ഷിയായിരുന്നില്ലെന്നായിരുന്നു സർക്കാർ വാദം. സംവരണത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

സിംഗിൾ ബഞ്ച് ഉത്തരവ് തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷനും അപ്പീൽ നൽകിയത്. 941 ഗ്രാമപഞ്ചായത്തുകളിലെയും അധ്യക്ഷപദം പുനപരിശോധിക്കേണ്ടിവരും.

ജില്ലാ പഞ്ചായത്തികളിൽ മലപ്പുറത്തേയും പാലക്കാട്ടെയും സംവരണവും മാറ്റേണ്ടിവരും. ബ്ലോക്കുകളിലും മുൻസിപ്പാലിറ്റികളിലും മാറ്റം വരുത്തേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കുമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു.