ഭോപ്പാൽ: രാജി വച്ചേക്കുമെന്ന സൂചന നൽകി കോൺഗ്രസിന്റെ മുതിർന്ന നേതാവും മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയുമായ കമൽനാഥ്. ഛിന്ദ്വാരയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് രാജി സന്നദ്ധത അറിയിച്ചത്. അൽപ്പം വിശ്രമിക്കാൻ ഞാൻ തയ്യാറാണ്. ഒരു പദവിയിലെത്താനും ഞാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോൾ തന്നെ ധാരാളം നേട്ടങ്ങൾ സ്വന്തമാക്കിക്കഴിഞ്ഞു. ഇനി വീട്ടിലിരിക്കാൻ ഒരുക്കമാണ്. – കമൽനാഥ് പറഞ്ഞു.
മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവും മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനുമാണ് കമൽനാഥ്. മധ്യപ്രദേശിൽ യുവതലമുറയ്ക്ക് വഴിമാറി കൊടുക്കാൻ ഹൈക്കമാന്റിൽ നിന്ന് കമൽനാഥിന് സമ്മർദ്ദമുണ്ട്. കഴിഞ്ഞ മാസം 28 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി ദയനീയമായി പരാജയപ്പെട്ടിരുന്നു. 19 മണ്ഡലത്തിൽ ബിജെപി ജയിച്ചപ്പോൾ 9 മണ്ഡലം മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. പരാജയത്തെത്തുടർന്ന് എഐസിസി നിലവിലെ പദവികളിൽനിന്ന് കമൽനാഥിന്റെ രാജി ആവശ്യപ്പെട്ടിരുന്നു.
2019 ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അന്നത്തെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രാജിവച്ചതിന് സമാനമായി കമൽനാഥ് രാജിവയ്ക്കണമെന്നതായിരുന്നു ആവശ്യം. പാർട്ടിയുടെ തോൽവി ഏറ്റെടുത്തുള്ള കമൽനാഥിന്റെ രാജിയാണ് ആവശ്യപ്പെട്ടത്.