സ്വപ്‌നയെയും സരിത്തിനേയും ജയിലിൽ ചോദ്യം ചെയ്യാൻ എൻഫോഴ്‌മെന്റിന് കോടതിയുടെ അനുമതി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സ്വപ്‌ന സുരേഷിനേയും സരിത്തിനേയും ചോദ്യം ചെയ്യാൻ എൻഫോഴ്‌മെന്റിന് കോടതി അനുമതി നൽകി.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇഡിയുടെ അപേക്ഷ പരിഗണിച്ചത്. ജയിലിൽ വച്ച് ചോദ്യം ചെയ്യാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്.

രാവിലെ 10 മുതൽ 4വരെ മൂന്ന് ദിവസം ഇവരെ ചോദ്യം ചെയ്യാം. പ്രതികളെ മാനസികമായി പീഡിപ്പിക്കരുതെന്നും കോടതി ഉദ്യോഗസ്ഥർക്ക് നിർദ്ദേശിച്ചിട്ടുണ്ട്. ഇരുപ്രതികളും കസ്റ്റംസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ അറിയാ നുണ്ട്. ഇന്ന് തന്നെ ഇവരെ ചോദ്യം ചെയ്ത് തുടങ്ങുമെന്ന് എൻഫോഴ്‌സ്‌മെന്റ് അറിയിച്ചു.

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ ശിവശങ്കറിനെ കൂടാതെ ഉന്നതർക്ക് പങ്കുണ്ടെന്ന് സ്വപ്‌നയും സരിത്തും കസ്റ്റംസിനോട് വെളിപ്പെടുത്തിയിരുന്നു. ഇത് കൂടാതെ ശിവശങ്കറിനെ ചോദ്യം ചെയ്തപ്പോൾ നിർണായക വിവരങ്ങൾ ലഭിച്ചതായും കസ്റ്റംസ് കോടതിയിൽ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരേയും ജയിലിൽ ചോദ്യം ചെയ്യാൻ ഇഡി അനുമതി തേടിയത്.