നാദാപുരത്ത് പോളിംഗ് ബൂത്തിൽ പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസുമായി സംഘര്‍ഷം: രണ്ട് പൊലീസ് വാഹനങ്ങള്‍ തകര്‍ത്തു

കോഴിക്കോട്: നാദാപുരത്ത് വിവിധ പാര്‍ട്ടി പ്രവര്‍ത്തകരും പൊലീസുമായി സംഘര്‍ഷം. പൊലീസുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉന്തും തള‌ളുമുണ്ടായി. രണ്ട് പൊലീസ് വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ റൂറല്‍ എസ്പി സ്ഥലത്തേക്ക് പുറപ്പെട്ടു. കീയൂര്‍ 6,7 വാര്‍ഡുകളിലെ നാലാം ബൂത്തിലാണ് പ്രശ്‌നമുണ്ടായത്.

കനത്ത പോളിംഗ് നടക്കുന്ന നാദാപുരത്ത് പലയിടത്തും കൊറോണ ചട്ടങ്ങള്‍ കാ‌റ്റില്‍ പറത്തി വന്‍ ജനക്കൂട്ടമുണ്ടായി. ഇത്തരത്തില്‍ കൂടിനിന്ന ആളുകളെ നിയന്ത്രിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പുറമെ പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു.

അതേസമയം, പോളിംഗിനിടെ വിവിധ ജില്ലകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. കോഴിക്കോട് കൊടുവള‌ളിയില്‍ എസ്ഡിപിഐ- എൽഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നഗരസഭയിലെ 16,17,18 വാര്‍ഡുകളുടെ വോട്ടിംഗ് നടക്കുന്ന കരുവംപൊയില്‍ ഹയര്‍സെക്കന്ററി സ്‌കൂളിന് മുന്നില്‍ വച്ച്‌ സംഘര്‍ഷമുണ്ടായി. കോഴിക്കോട് നീലേശ്വരത്ത് വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി.

മലപ്പുറത്ത് പെരുമ്പടപ്പ് കോടത്തൂരിൽ എൽഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ പോളിംഗ് ബൂത്തിന് മുന്നില്‍ സംഘര്‍ഷമുണ്ടായി. ഓപ്പണ്‍ വോട്ടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സുഹറ അഹമ്മദിന് സംഘര്‍ഷത്തില്‍ പരിക്കേ‌റ്റു. തുടര്‍ന്ന് പ്രവര്‍ത്തര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി.

കണ്ണൂര്‍ ജില്ലയില്‍ പരിയാരത്ത് ബൂത്ത് ഏജന്റായ നാസറിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് പരാതിപ്പെട്ടു. താനൂര്‍ നഗരസഭയിലെ പതിനാറാം വാര്‍ഡിലും സംഘര്‍ഷമുണ്ടായി. മുന്‍ കൗണ്‍സിലര്‍ ലാമിഹ് റഹ്‌മാന് സംഘര്‍ഷത്തിനിടെ പരിക്കേ‌റ്റു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമുണ്ടായി എന്ന പേരിലാണ് സംഘഷമുണ്ടായത്.