ആലപ്പുഴ: പ്രമുഖ കാര്‍ഷിക വിദഗ്ധന്‍ ആര്‍. ഹേലി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു.ഇന്ന് രാവിലെ
8.45 ന് ആലപ്പുഴയിലെ മകളുടെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം സ്വദേശമായ തിരുവനന്തപുരം ആറ്റിങ്ങലില്‍ നടക്കും. അദ്ദേഹത്തിന്റെ മകൻ
പ്രശാന്ത് ഹേലിയാണ് മരണവിവരം അറിയിച്ചത്.
കൃഷി വകുപ്പ് മുന്‍ ഡയറക്ടറായിരുന്ന ആര്‍. ഹേലിയാണ് കൃഷിയെ ജനകീയ പ്രസ്ഥാനം ആക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത്. മലയാളത്തില്‍ ഫാം ജേണലിസത്തിന് തുടക്കമിട്ടത് ഹേലിയാണ്. കേരള കാര്‍ഷിക നയരൂപവത്ക്കരണ സമിതി അംഗമായിരുന്നു.1989 ല്‍ കൃഷി വകുപ്പ് ഡയറക്ടറായി വിരമിച്ചു.
കേരള കാര്‍ഷികന്‍ മാസികയുടെ ആദ്യകാല പത്രാധിപരില്‍ ഒരാളാണ്. കാര്‍ഷിക സംബന്ധിയായ ലേഖനങ്ങള്‍ നിരവധി ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതിയിരുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ആകാശവാണിയിലെ വയലും വീടും, ദൂരദര്‍ശനിലെ നാട്ടിന്‍പുറം എന്നീ പരിപാടികള്‍ക്കു പിന്നില്‍ ആര്‍. ഹേലിയായിരുന്നു.
സംസ്ഥാന കാര്‍ഷിക നയരൂപീകരണ സമിതി അംഗമായിരുന്നു. കേരളത്തിന്റെ കാർഷിക ബന്ധ സാഹിത്യത്തിന്റെ പര്യായമായിരുന്നു അദ്ദേഹം. ബാംഗ്ലൂരിലെ ഹെബ്ബാല്‍ കാര്‍ഷിക കോളേജില്‍ നിന്നും ബിരുദം നേടിയ ഹേലി, റബ്ബര്‍ ബോര്‍ഡില്‍ ജൂനിയര്‍ ഓഫീസറായും തിരുകൊച്ചി കൃഷി വകുപ്പില്‍ കൃഷി ഇന്‍സ്‌പെക്ടര്‍ ആയും മല്ലപ്പള്ളിയില്‍ അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായും ജോലി ചെയ്തിരുന്നു.
കൃഷിയേയും കൃഷിക്കാരെയും ഹൃദയപക്ഷത്തു ചേർത്ത് നിർത്തി ഒരു പുരുഷായുസ്സ് മുഴുവൻ സമർപ്പണത്തോടെ
പ്രവർത്തിച്ച ശാസ്ത്രജ്ഞനായിരുന്നു ആർ ഹേലി.