കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയിൽ ഡിഐജി രാജിവച്ചു

ഛണ്ഡീഗഢ്: ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയിൽ ഡിഐജി ലഖ്മീന്ദർ സിങ് ജഖാർ രാജിവച്ചു. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറിക്ക് ശനിയാഴ്ച രാജികത്ത് നൽകിയതായി ലഖ്മീന്ദർ സിങ് പറഞ്ഞു.

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ സമാധാനപരമായി സമരം നയിക്കുന്ന കർഷക സഹേദരങ്ങൾക്കൊപ്പം നിൽക്കാൻ താൻ തീരുമാനിച്ചുവെന്നാണ് രാജികത്തിൽ ലഖ്മീന്ദർ സിങ് വ്യക്തമാക്കിയത്.

കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് നേരത്തെ പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ, ശിരോമണി അകാലിദൾ (ഡെമോക്രാറ്റിക്) നേതാവ് സുഖ്ദേവ് സിങ്, പ്രശസ്ത പഞ്ചാബി കവി സുർജിത് പട്ടാർ തുടങ്ങിയവർ പത്മാ പുരസ്കാരങ്ങൾ തിരിച്ചുനൽകുമെന്ന് വ്യക്തമാക്കിയിരുന്നു. പഞ്ചാബിലെ നിരവധി കായിത താരങ്ങളും കർഷകർക്ക് പിന്തുണ നൽകി രംഗത്തെത്തിയിരുന്നു.

വിവാദമായ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ 18 ദിവസമായി രാജ്യതലസ്ഥാനത്തെ അതിർത്തികളെ സ്തംഭിപ്പിച്ച് കർഷകർ സമരം തുടരുകയാണ്. മൂന്ന് നിയമങ്ങളും പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ.