തൃശൂര്‍: വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ വിശ്വസ്ത പങ്കാളിയെന്ന നിലയില്‍ എൽഡിഎഫ് സര്‍ക്കാർ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഐടി വിഭാഗത്തിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയത് ആസ്തി വിവരങ്ങള്‍. നിര്‍മിതബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്തില്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ഐടി സാങ്കേതികവിദ്യ എത്തിക്കുകയെന്ന പരീക്ഷണ പദ്ധതിക്കായാണ് ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഐടി വിഭാഗമായ യുഎൽടിഎസ് വാഹനങ്ങളും കമ്ബ്യൂട്ടറുകളുമുള്പ്പെടെയുള്ള വിവരം കൈമാറിയത്.
2020 ജനുവരി 10നായിരുന്നു യുഎൽടിഎസ് ഇതുസംബന്ധിച്ച കത്ത് മോട്ടോര്‍ വാഹന വകുപ്പിന് കൈമാറിയത്. ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഏപ്രില്‍ 27ന് അംഗീകാരം നല്‍കുകയും ജില്ല ഓഫിസുകള്‍ വിവരങ്ങള്‍ യുഎൽടിഎസിന് കൈമാറുകയും ചെയ്തു. അറ്റകുറ്റപ്പണി ചെലവ്, സേവന ചെലവ് എന്നിവ കൂടി ഉള്‍പ്പെടുന്ന അസറ്റ് രജിസ്റ്റര്‍ നല്കുന്ന പ്രവൃത്തി ജൂലൈയില്‍ പൂര്‍ത്തിയായി.
കെല്‍ട്രോണും സി-ഡിറ്റും നിര്‍വഹിച്ചിരുന്ന ഐടി സേവനങ്ങള്‍ ക്രമേണ നഷ്ടമാകുമെന്ന അവസ്ഥയിലെത്തുകയും പല പദ്ധതികളും താല്‍ക്കാലിക വ്യവസ്ഥയില്‍ യുഎൽടിഎസിന് ലഭിക്കുകയും ചെയ്തു. അതേസമയം, മോട്ടോര്‍ വാഹന വകുപ്പ് ഭേദഗതി നിയമത്തിെന്റ പശ്ചാത്തലത്തില്‍ ഡ്രൈവിങ് പരീക്ഷകള്‍ നടത്തി ലൈസന്‍സ് നല്കുന്ന നടപടി സ്വകാര്യ ഗ്രൂപ്പുകളെ ഏല്പിക്കാനുള്ള നടപടികള്‍ തുടങ്ങി.
വിഡിയോ കാമറ നിരീക്ഷണത്തില്‍ കമ്ബ്യൂട്ടര്‍വത്കൃത ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകള്‍ കാസര്‍കോട്, തളിപ്പറമ്ബ്, എറണാകുളം ജില്ലകളില്‍ നടപ്പാക്കിയതിന് സാങ്കേതിക സഹായം നല്‍കിയത് യുഎൽടിഎസ ആയിരുന്നു.
മാത്രമല്ല, മൂന്ന് മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകളില്‍ ലൈസന്‍സ് അച്ചടിച്ചുകൊടുക്കുന്നതുള്പ്പെടെ നടപടികള്‍ രണ്ടുമാസം ഊരാളുങ്കല്‍ ഏറ്റെടുത്തത് വിവിധ സംഘടനകളുടെ എതിര്‍പ്പിനിടയാക്കിയിരുന്നു.