പത്തനംതിട്ട: പോപ്പുലർ സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണം വേഗത്തിൽ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐക്ക് കേരളാ പൊലീസിന്റെ കത്ത്. കത്തിന്റെ അടിസ്ഥാനത്തിൽ സിബിഐ ഉടൻ കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. അന്വേഷണം സിബിഐക്ക് കൈമാറി ഹൈക്കോടതി ഉത്തരവിട്ടിട്ട് ഒരു മാസം കഴിഞ്ഞു
കേരളത്തെ ഞെട്ടിച്ച വമ്പൻ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം സിബിഐക്ക് കൈമാറി ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് കേരള പൊലീസിന്റെ അന്വേഷണ അപ്രസക്തമായതാണ്. എന്നാൽ നാളിതു വരെ കേസ് സിബിഐ ഏറ്റെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹറ തന്നെ സിബിഐ ഡയറക്ടക്ക് കത്തയച്ചത്.
നിക്ഷേപകരുടെ ആശങ്കയും പൊലീസ് നേരിടുന്ന വെല്ലുവിളികളും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. 2000 കോടിയിൽ അധികം രൂപയുടെ തട്ടിപ്പ് നടന്ന സാഹചര്യത്തിൽ സിബിഐ അന്വേഷണം തന്നെ വേണമെന്ന് സംസ്ഥാന സർക്കാരും പല തവണ ആവർത്തിച്ചതാണ്. സാമ്പത്തിക കുറ്റാന്വേഷണത്തിൽ മികവ് പുലർത്തിയിട്ടുള്ളവരെ അന്വേഷണം ഏൽപ്പിക്കാനാണ് സിബിഐ ആലോചന എന്നാണ് വിവരം.
അതേസമയം, പത്തനംതിട്ട ജില്ലയിലെ മൂഴിയാർ പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസുകളിൽ പ്രതികളുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയിൽ റിമാന്റ് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കോടതി ഇത് സ്വീകരിച്ചില്ല. കേസ് സിബിഐ കേസ് ഏറ്റെടുത്തെന്നും അന്വേഷണ പരിധിയിലാണെന്ന് പ്രതി ഭാഗം വക്കീൽ വാദിച്ചു.
എന്നാൽ കോടതിയെ പ്രതിഭാഗം വക്കീൽ തെറ്റിധരിപ്പിച്ചതാണെന്ന് മൂഴിയാർ പൊലീസ് അഭ്യന്തര വകുപ്പിനെയും അറിയിച്ചു. സിബിഐ കേസ് ഏറ്റെടുക്കുന്നതിലെ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാൽ കുറച്ച് ദിവസങ്ങൾക്ക് മുന്പ് പൊലീസ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതും നിർത്തിയിരുന്നു.