കാസർകോട്: ഇടതുമുന്നണിയുടെ തകർന്ന കോട്ടപിടിക്കാൻ മുന്നണികളുടെ തകർപ്പൻ പോരാട്ടം . ഈ സമാനതകളില്ലാത്ത പോരാട്ടമാണ് കാസർകോടിനെ വ്യത്യസ്ഥമാക്കുന്നത്. ദീർഘകാലം ഇടതിന് മേൽക്കോയ്മയുണ്ടായിരുന്ന ജില്ല പഞ്ചായത്തായിരുന്നു കാസർകോട്. 2015ൽ അത് കൈവിട്ടു. 35 വർഷത്തെ ആധിപത്യത്തിനുശേഷം ലോക്സഭയും കൈവിട്ടു. ഇത് യുഡിഎഫിൽനിന്ന് അടർത്തിയെടുക്കാനുള്ള ഗൃഹപാഠമാണ് ഇടതുപക്ഷം നടത്തുന്നത്.
ബിജെപിക്ക് സംസ്ഥാനത്ത് ജില്ല പഞ്ചായത്തിൽ രണ്ട് സീറ്റുകളുള്ള ജില്ലയാണ് കാസർകോട്. ഒന്ന് മഞ്ചേശ്വരം നിയോജകമണ്ഡലത്തിലാണ്. ബിജെപിയുടെ പ്രകടനവും ജില്ല പഞ്ചായത്ത് ആരു ഭരിക്കണമെന്ന് നിർണയിക്കുന്നതിൽ പ്രധാനമാണ്. നിലനിൽപിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് ബിജെപി. എൽഡിഎഫ് സിറ്റിങ് സീറ്റുകളായ കള്ളാർ, ദേലംപാടി, യുഡിഎഫ് സീറ്റുകളായ ചിറ്റാരിക്കാൽ, പിലിക്കോട്, ബിജെപി സീറ്റുകളായ എടനീർ, പുത്തിഗെ എന്നിവയിലെ ഫലങ്ങളാണ് ജില്ലയുടെ രാഷ്ട്രീയ ഭാഗധേയം നിർണയിക്കുക. ഇവിടുത്തെ ഫലം പ്രവചനാതീതമാണ്.
അങ്ങനെ ജില്ല കനത്ത പേരാട്ടത്തിൻ്റെ മത്സര വേദിയാകുന്നു. ആറു ബ്ലോക്ക് പഞ്ചായത്തുകളിൽ ‘മത്സരമില്ല’. അവയിൽ എൽ.ഡി.എഫ് നാല്, യുഡിഎഫ് രണ്ട് എന്ന നില തുടരും. നീലേശ്വരം, കാസർകോട്, കാഞ്ഞങ്ങാട് നഗരസഭകളിൽ യുഡിഎഫിൽനിന്നു എൽഡിഎഫ് പിടിച്ചെടുത്ത കാഞ്ഞങ്ങാട്ട് മത്സരം തകർക്കുകയാണ്. ജില്ലയിൽ ഗ്രാമ പഞ്ചായത്തുകൾ 38 ആണ്. 19 യുഡിഎഫ്, 17 എൽഡിഎഫ്, രണ്ട് ബിജെപി.
കഴിഞ്ഞ തവണ എൽഡിഎഫിന് നഷ്ടപ്പെട്ട ഉദുമ, ഇരട്ടക്കൊല നടന്ന പുല്ലൂർ-പെരിയ, ഇടത്-വലത് മാറിയും മറിഞ്ഞുംകൊണ്ടിരിക്കുന്ന അജാനൂർ, കുറ്റിക്കോൽ, യുഡിഎഫും എൽഡിഎഫും ചേർന്ന് ബിജെപിയെ അവിശ്വാസത്തിലൂടെ പുറത്തുനിർത്തിയ കാറഡുക്ക, എൻമകജെ, ബിജെപി വലിയ ഒറ്റക്കക്ഷിയായ ബദിയഡുക്ക, പൈവളിഗെ എന്നീ പഞ്ചായത്തുകളിൽ നിർണായക പോരാട്ടമാണ് നടക്കുന്നത്.