അരവിന്ദ് കെജ്‍രിവാളിൻ്റെ വീട് ബിജെപി പ്രവർത്തകർ ആക്രമിച്ചതായി ആരോപണം

ന്യൂ​ഡെൽ​ഹി: ബിജെപി പ്രവർത്തകർ ​ഡെൽ​ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിൻറെ വീട് ആക്രമിച്ചതായി ആരോപണം. ദൃശ്യങ്ങളും ആം ആദ്മി പാർട്ടി പുറത്തുവിട്ടു. ഞായറാഴ്ച ഉച്ച തിരിഞ്ഞ് ബിജെപി പ്രവർത്തകരെത്തി കെജ്‍രിവാളിൻ്റെ വീട് ആക്രമിച്ച് സിസിടിവി ക്യാമറകൾ തല്ലിത്തകർത്തെന്നാണ് ആരോപണം. നേരത്തേ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീടും ആക്രമിക്കപ്പെട്ടതായി ആരോപണമുയർന്നിരുന്നു. അന്ന്, പൊലീസ് ഒന്നും ചെയ്തില്ലെന്നും, നോക്കിനിൽക്കുക മാത്രമാണ് ചെയ്തതെന്നും ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നതാണ്.

എന്നാൽ കെജ്‍രിവാളിൻ്റെ വീട് ആക്രമിച്ചിട്ടില്ലെന്നും, മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ സമരം ചെയ്യുകയായിരുന്ന വനിതാനേതാക്കളുടെ സമരപ്പന്തലിന് മുന്നിൽ ക്യാമറകൾ കൊണ്ടുവച്ചതിനെ എതിർക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ബിജെപി നേതാക്കളുടെ വിശദീകരണം.

തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് ഡെൽ​ഹി സർക്കാർ ഫണ്ടുകൾ നൽകുന്നില്ലെന്ന് ആരോപിച്ച്, കഴിഞ്ഞ തിങ്കളാഴ്ച മുതൽ ബിജെപി പ്രവർത്തകർ ഡെൽ​ഹിയിലെ മന്ത്രിമാരുടെ വീടുകൾക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്. ഡെൽ​ഹി നോർത്ത്, സൗത്ത്, ഈസ്റ്റ് മുൻസിപ്പ‌ൽ കോർപ്പറേഷനുകൾക്കായി ലഭിക്കേണ്ട 13,000 കോടി രൂപ ഡെൽ​ഹി സർക്കാർ തടഞ്ഞുവച്ചിരിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. എന്നാൽ 2500 കോടി രൂപയുടെ തട്ടിപ്പ് ഈ സ്ഥാപനങ്ങളിൽ നിന്നായി കണ്ടെത്തിയെന്ന് ആം ആദ്മി പാർട്ടി തിരികെയും ആരോപിക്കുന്നു.