ശമ്പളം വൈകി: വിസ്ട്രൺ കോർപറേഷന്റെ ബെംഗളുരു യൂണിറ്റിൽ സംഘർഷം

ബെംഗളുരു: ആപ്പിൾ ഐഫോണുകളുടെ നിർമാതാക്കളിലൊരാളായ വിസ്ട്രൺ കോർപറേഷന്റെ ബെംഗളുരു യൂണിറ്റിൽ സംഘർഷം. ശമ്പളം വൈകിയതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ശനിയാഴ്ച രാവിലെ വ്യാപകമായ അക്രമത്തിലേക്ക് വഴിവെച്ചത്.

ശനിയാഴ്ച രാവിലെ 6.30 ന് 8000-ത്തോളം വരുന്ന കമ്പനി ജീവനക്കാർ ഷിഫ്റ്റ് മാറുന്ന സമയത്താണ് സംഭവം.

പരിസരത്തുണ്ടായിരുന്ന രണ്ട് വാഹനങ്ങൾ ജീവനക്കാർ അഗ്നിക്കിരയാക്കി. ഓഫീസിലെ ഗ്ലാസുകളും മറ്റ് സാമഗ്രികളും ഇവർ നശിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ 80 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മെച്ചപ്പെട്ട ഭക്ഷണം, ശമ്പള വർധന എന്നിവ ആവശ്യപ്പെട്ട് ജീവനക്കാരുടെ ഒരു ധർണ നിർമാണ യൂണിറ്റിൽ നടന്നിരുന്നു. ചില ജീവനക്കാരെ 12 മണിക്കൂർ ജോലി ചെയ്യാൻ കമ്പനി പ്രേരിപ്പിക്കുന്നുവെന്ന് ഇവർ ആരോപിക്കുന്നു. എന്നാൽ, ഈ ജീവനക്കാർക്ക് ദിവസേന 200-300 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. 12 മണിക്കൂർ ജോലി ചെയ്തിട്ടും 7-8 മണിക്കൂർ ജോലി ചെയ്തുവെന്നാണ് രേഖപ്പെടുത്തുന്നത്. ഉചിതമായ ശമ്പളം ലഭിക്കുന്നില്ല, കഴിഞ്ഞ രണ്ടോ മൂന്നോ മാസങ്ങളായി സമയത്തിന് ശമ്പളം ലഭിക്കുന്നില്ല. എന്നുള്ള ആരോപണങ്ങൾ ഉയർത്തുന്നുണ്ട്.

ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതാണ് ജീവനക്കാരെ രോഷാകുലരാക്കിയത്. ക്യാമറകൾ, രണ്ട് കാറുകൾ, ഗ്ലാസുകൾ എന്നിവയെല്ലാം നശിപ്പിച്ചിട്ടുണ്ട്.